ന്യൂഡൽഹി: ആദ്യകാല ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.ധനഞ്ജയ കുമാർ അന്തരിച്ചു. ബി.ജെ.പിക്ക് കർണാടകയിൽ വേരോട്ടമുണ്ടാക്കിയ ധനഞ്ജയ കുമാർ പിന്നീട് നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ടിരുന്നു. ജെ.ഡി.എസിലും കോൺഗ്രസിലും ചേർന്ന ശേഷം കുറെക്കാലമായി രാഷ്‌ട്രീയത്തിൽ സജീവമായിരുന്നില്ല.
എ.ബി.വി.പിയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ ധനഞ്ജയ കുമാർ 1983ൽ മംഗലാപുരത്തുനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989ൽ മംഗലപുരത്ത് ലോക്‌സഭയിലേക്കുള്ള കന്നിമത്സരത്തിൽ കോൺഗ്രസ് നേതാവ് ജനാർദ്ദന പൂജാരിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ 1991ൽ പൂജാരിയെ തോൽപ്പിച്ച് ലോക്‌സഭയിലെത്തിയ ധനഞ്ജയ കുമാർ ദേശീയ രാഷ്‌ട്രീയത്തിൽ സജീവമായി. 1996ൽ വാജ്പേയി മന്ത്രിസഭയിൽ സിവിൽ വ്യോമയാന മന്ത്രിയും 1999-2000 കാലത്ത് എൻ.ഡി.എ സർക്കാരിൽ ധധകാര്യം, 2000-2003 കാലത്ത് ടെക്‌സ്‌റ്റൈൽ വകുപ്പുകളിൽ സഹമന്ത്രിയുമായിരുന്നു. എൽ.കെ. അദ്വാനി അടക്കമുള്ള നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി പുറത്താക്കി. 2012ൽ ബി.എസ്. യെദിയൂരപ്പയ്‌ക്കൊപ്പം കർണാടക ജനതാ പക്ഷ പാർട്ടിയുണ്ടാക്കി. യെദിയൂരപ്പ ബി.ജെ.പിയിലേക്ക് മടങ്ങിയപ്പോൾ ധനഞ്ജയ ജെ.ഡി.എസിലും പിന്നീട് കോൺഗ്രസിലും ചേർന്ന് പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല.