balakot-attack

ന്യൂഡൽഹി: ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ച ഭീകരരുടെ എണ്ണം സംബന്ധിച്ച് പ്രതിപക്ഷവും കേന്ദ്രസർക്കാരും തമ്മിലുള്ള വാക്ക്പോര് രൂക്ഷമാകുന്നു. ആക്രമണത്തിൽ 250 ഭീകരർ മരിച്ചെന്ന ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസ്‌താവനയ്‌ക്ക് വിരുദ്ധമായി ആരും മരിച്ചതായി സർക്കാർ പറഞ്ഞിട്ടില്ലെന്ന കേന്ദമന്ത്രി എസ്.എസ് അലുവാലിയയുടെ പ്രതികരണമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. വസ്‌തുത എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആംആദ്‌മി പാർട്ടിയും തൃണമൂലും ആക്രമണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്‌ത് രംഗത്തുണ്ട്. മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടത് സർക്കാരാണെന്ന് വ്യോമസേനാമേധാവി ബി.എസ്.ധനോവയും ഇന്നലെ പറഞ്ഞിരുന്നു.

മരണസംഖ്യ സംബന്ധിച്ച് സർക്കാർ ഒരിക്കലും പ്രസ്‌താവന നടത്തിയിട്ടില്ലെന്നും 300ഒാളം പേർ മരിച്ചെന്ന മാദ്ധ്യമ വാർത്തകളിൽ കഴമ്പില്ലെന്നും കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ ഒരു വശത്ത് പറയുമ്പോൾ 250 ഭീകരരെ വധിച്ച് ഇന്ത്യ ശക്തി കാട്ടിയെന്ന അമിത് ഷായുടെ പ്രസ്‌താവനയുടെ അർത്ഥമെന്തെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ചോദിച്ചു. വ്യോമാക്രമണത്തെ പ്രകീർത്തിച്ചെങ്കിലും പ്രധാനമന്ത്രിയും മരണസംഖ്യ പരാമർശിച്ചില്ല. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തണമെന്നും സുർജെവാല പറഞ്ഞു.

ഭീകരാക്രമണത്തെ കേന്ദ്രസർക്കാർ രാഷ്‌ട്രീയവത്‌കരിക്കുന്നതായി പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ബലാക്കോട്ട് ആക്രമണത്തിന് തെളിവില്ലെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും നവ്‌ജോധ് സിംഗ് സിദ്ധുവും വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തിരുന്നു.ആക്രമണത്തിന്റെ വിശദവിവരങ്ങളും മരണസംഖ്യയും പുറത്തു വിടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടതിന് മറുപടിയായി പാകിസ്ഥാന് സന്ദേശം നൽകാനാണ് സൈനിക ഒാപ്പറേഷൻ നടത്തിയതെന്നും ആരെയും കൊല്ലാൻ ഉദ്ദേശിച്ചില്ലെന്നും എസ്. എസ്. അലുവാലിയ പറഞ്ഞിരുന്നു.

സേന കളവു പറയില്ലെന്നും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് അമിത്ഷായെന്നും ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. രാജ്യം സൈനികർക്കൊപ്പമാണ്. കളവു പറയുന്നവരെ രാജ്യത്തിന് താങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.