ന്യൂഡൽഹി: രാജസ്ഥാനിലെ ബിക്കാനീർ അതിർത്തിയിലെ സേനാ വിന്യാസം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ പാക് സേന അയച്ച ആളില്ലാ വിമാനത്തെ(ഡ്രോൺ) ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 വിമാനം വെടിവച്ചിട്ടു. ഒരാഴ്‌ചയ്‌ക്കിടെ രണ്ടാമത്തെ പാക് ഡ്രോൺ ആണ് ഇന്ത്യ തകർക്കുന്നത്.
ഇന്നലെ രാവിലെ 11.30 ഒാടെ ഡ്രോൺ ഇന്ത്യൻ അതിർത്തിക്കുള്ളിൽ വന്നത് വ്യോമസേനയുടെ റഡാറുകളിൽ പതിഞ്ഞിരുന്നു. ഉടൻ നാൽ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്ന് പറന്നുയർന്ന സുഖോയ് 30 എം.കെ.ഐ വിമാനം ആകാശത്തിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മിസൈൽ പ്രയോഗിച്ച് ശത്രുവിന്റെ കഥ കഴിച്ചു. തകർന്ന ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ പാക് അതിർത്തിക്കുള്ളിൽ എം.ഡബ്ള്യൂ ടോബ എന്നറിയപ്പെടുന്ന മൺകൂനയിലാണ് വീണത്. ഇന്ത്യ വീണ്ടും പാക് വിമാനങ്ങൾക്കു നേരെ ആക്രമണം തുടങ്ങിയെന്ന വാർത്തയും ഉടൻ വന്നു. അവശിഷ്‌ടങ്ങളുടെ ചിത്രങ്ങൾ മിസൈൽ ഭാഗങ്ങളാണെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
എന്നാൽ പാക് സേന തന്നെ അതു നിഷേധിച്ചു. അവശിഷ്‌ടങ്ങൾ പാക് യുദ്ധവിമാനങ്ങൾ ഉപേക്ഷിച്ച ഇന്ധന ടാങ്കുകളുടെ ഭാഗമാണെന്നാണ് അവർ വിശദീകരിച്ചത്. ബലാക്കോട്ടിൽ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകൾ തകർത്ത ഫെബ്രുവരി 26ന് ഗുജറാത്തിലെ കച്ചിൽ അതിർത്തി ലംഘിച്ച പാക് ഡ്രോൺ ഇന്ത്യൻ സേന വെടിവച്ചിട്ടിരുന്നു.