aravind-kejriwal
aravin kejrival

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാദ്ധ്യതകൾ തള്ളി, ഡൽഹിയിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലെന്നത് കോൺഗ്രസിന്റെ അന്തിമ തീരുമാനമാണ്. ഇത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ചിട്ടുണ്ട്. ഏഴു സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു.

തിരഞ്ഞെടുപ്പ് സഖ്യസാദ്ധ്യതകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി, ഡൽഹിയുടെ ചുമതലയുള്ള നേതാവ് പി.സി. ചാക്കോയുമായി രണ്ടു മണിക്കൂർ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. ഡൽഹിയിൽ സഖ്യസാദ്ധ്യതകൾ കോൺഗ്രസ് ഇല്ലാതാക്കിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി ശനിയാഴ്ച ആറുസീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസും ആംആദ്മിയും ഒറ്റയ്ക്ക് മത്സരിച്ചാൽ കഴിഞ്ഞ തവണത്തെ പോലെ ബി.ജെ.പി ഏഴുസീറ്റുകളും തൂത്തുവാരുമെന്ന സർവേ ഫലത്തെ തുടർന്നാണ് ഇരുപാർട്ടികളിലെയും നേതാക്കൾ നേരത്തേ സഖ്യശ്രമങ്ങൾ നടത്തിയത്.
ഡൽഹിയിലെ ഏഴു സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസിന് നൽകാമെന്ന് ആംആദ്മി നേതാക്കൾ അനൗദ്യോഗികമായി മുന്നോട്ടുവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോമൺവെൽത്ത് ഗെയിംസ് അഴിമതി ഉൾപ്പെടെ തനിക്കെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച് അധികാരത്തിലെത്തിയ കേജ്‌രിവാളിനൊപ്പം ചേരാനാകില്ലെന്ന നിലപാട് ഷീല ദീക്ഷിത് അറിയിക്കുകയായിരുന്നു.

'ഡൽഹിയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയിലെത്തി. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. മോദി-ഷാ കൂട്ടുകെട്ടിനെ തോല്പിക്കാൻ രാജ്യം മുഴുവൻ ആഗ്രഹിക്കുമ്പോൾ കോൺഗ്രസ് ബി.ജെപിയെ സഹായിക്കുകയാണ്. കോൺഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെ ഡൽഹിയിലെ ജനങ്ങൾ പരാജയപ്പെടുത്തും.

-അരവിന്ദ് കേജ്‌രിവാൾ