nirmala-sitharaman
nirmala sitharaman

ന്യൂഡൽഹി: ബലാക്കോട്ടിലെ ജയ്ഷെ ഭീകരക്യാമ്പ് തകർത്ത വ്യോമാക്രമണത്തിൽ വിദേശകാര്യസെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. വിദേശകാര്യസെക്രട്ടറി കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പറഞ്ഞിട്ടില്ല. ചെന്നൈയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതിരോധമന്ത്രി വ്യക്തമാക്കി.

ബലാക്കോട്ട് ആക്രമണത്തിൽ 250ലേറെ ഭീകരർ കൊല്ലപ്പെട്ടുവെന്ന് അഹമ്മദാബാദിലെ ഒരു പരിപാടിയിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ പ്രസംഗിച്ചത് വിവാദമായതിന് പിന്നാലെയാണ് നിർമലാ സീതാരാമന്റെ പ്രതികരണം. ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് ആക്രമിച്ചതെന്നും പരിശീലകരും കമാൻഡർമാരുമുൾപ്പെടെ നിരവധി ഭീകരരെ ഇല്ലാതാക്കിയെന്നുമായിരുന്നു ഫെബ്രുവരി 26ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പ്രസ്താവനയിൽ പറഞ്ഞത്.

ബലാക്കോട്ടിലെ ജയ്ഷെ ഭീകരകേന്ദ്രങ്ങൾ തകർത്ത വ്യോമാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്ന ആരോപണവും പ്രതിരോധമന്ത്രി തള്ളി. തിരഞ്ഞെടുപ്പും വ്യോമാക്രമണവും തമ്മിൽ ഒരു ബന്ധവുമില്ല. ഇന്ത്യയ്ക്കെതിരായ ഭീകരപ്രവർത്തനങ്ങൾ സംബന്ധിച്ച ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് വ്യോമാക്രമണം നടത്തിയത്. ഇത് സൈനിക നടപടിയല്ല. ജനങ്ങളെ ബാധിക്കാത്ത തരത്തിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിടുമോയെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
ബലാക്കോട്ട് ആക്രമണത്തിൽ 350 ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കേന്ദ്രസർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാതിരിക്കെയാണ് ബി.ജെ.പി അദ്ധ്യക്ഷൻ 250ലേറെ ഭീകരർ എന്ന് കണക്ക് പറഞ്ഞത്.