ന്യൂഡൽഹി: കടൽമാർഗമടക്കം കൂടുതൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാമ്പ പറഞ്ഞു. വിവിധ മാർഗങ്ങളിൽ ആക്രമണം നടത്താൻ ഭീകരർക്ക് പരിശീലനം നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. മുംബയ് ഭീകരാക്രമണത്തിനു സമാനമായി കടൽമാർഗവും ആക്രമണം ഉണ്ടായേക്കാം. ഇന്തോ പസഫിക് റീജിയണൽ ഡയലോഗിന്റെ ഭാഗമായുള്ള വിദഗ്ദ്ധരുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അസ്ഥിരമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ പിന്തുണയോടെ ഭീകരർ നടപ്പാക്കിയതാണ് പുൽവാമ ഭീകരാക്രമണം. വിവിധ തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്. അടുത്തിടെ ഇന്തോ പസഫിക് മേഖലയിലെ ചില രാജ്യങ്ങളിൽ അത് വ്യാപിച്ചു. ഭീകരപ്രവർത്തനത്തെ ചെറുക്കാൻ ഇന്ത്യൻ സുരക്ഷാസേന നിരന്തരം പ്രവർത്തിക്കുകയാണ്. അന്താരാഷ്ട്ര സമൂഹവും ഭീകരവാദത്തെ ചെറുക്കാനും ഇല്ലാതാക്കാനും ശക്തമായി പ്രവർത്തിക്കണം- അദ്ദേഹം പറഞ്ഞു.
പാക് വാദം തള്ളി നാവികസേന
അന്തർവാഹിനി ഉപയോഗിച്ച് സമുദ്രാതിർത്തി ലംഘിക്കാനുള്ള ഇന്ത്യൻ ശ്രമം പരാജയപ്പെടുത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യൻ നാവികസേന തള്ളി. ഫെബ്രുവരി 28ന് സംയുക്ത സൈനിക പത്രസമ്മേളനത്തിനു ശേഷം തെറ്റായ പ്രചാരണം നടത്താൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു. പാക് നാവികസേനയുടെ പ്രചാരണം വ്യാജമാണ്. ഇത്തരം പ്രചാരണങ്ങൾ കണക്കിലെടുക്കുന്നില്ല. ഇന്ത്യൻ സമുദ്രാതിർത്തി സംരക്ഷിക്കാൻ തങ്ങളുടെ സേനാവിന്യാസം മാറ്റമില്ലാതെ തുടരുകയാണെന്നും നാവികസേന അറിയിച്ചു.