ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിനെ പറ്റി പുറത്തുവന്ന രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നും ഇത്
ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. രാജ്യ സുരക്ഷയെ ബാധിക്കുന്ന നിർണായകരേഖകൾ മോഷ്ടിച്ചവർക്കെതിരെ അന്വേഷണം നടക്കുകയാണ്. രേഖകൾ പ്രസിദ്ധീകരിച്ച രണ്ട് മാദ്ധ്യമങ്ങൾക്കെതിരെ ഔദ്യോഗികരഹസ്യ നിയമപ്രകാരം കേസെടുക്കുമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.
ഇടപാടിൽ അഴിമതിയുണ്ടെങ്കിൽ രാജ്യസുരക്ഷയുടെ മറവിൽ സർക്കാരിന് ഒളിക്കാനാവുമോ എന്ന് കോടതി വാക്കാൽ ചോദിച്ചു.
റാഫേൽ ഇടപാട് ശരിവച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ ഇന്നലെ തുറന്ന കോടതിയിൽ പരിഗണിക്കുമ്പോഴാണ് അറ്റോർണി ജനറൽ ഗുരുതരമായ ആരോപണമുന്നയിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് റാഫേൽ നിർമ്മാതാക്കളായ ഫ്രാൻസിലെ ദസോ കമ്പനിയുമായി സമാന്തരമായി കൂടിയാലോചന നടത്തിയെന്നും അത് ഇന്ത്യൻ താത്പര്യത്തെ ദുർബലമാക്കിയെന്നും ഔദ്യോഗിക ഇന്ത്യൻ കൂടിയാലോചനാ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥർ എഴുതിയ വിയോജന കുറിപ്പ് ഉൾപ്പെടെ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇടപാടിൽ 4,500 കോടി രൂപയുടെ ബാങ്ക് ഗാരന്റി മോദി സർക്കാർ ഒഴിവാക്കിയെന്നും 2000 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടായെന്നും സൂചിപ്പിക്കുന്ന രേഖകൾ ഇന്നലെയും ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു.
രഹസ്യം എന്ന് രേഖപ്പെടുത്തിയ രേഖകളാണ് മോഷണം പോയത്. അവയുടെ അടിസ്ഥാനത്തിലാണ് പത്രറിപ്പോർട്ട്. റിവ്യൂഹർജിക്കാർ ആ രേഖകളെയാണ് ആശ്രയിക്കുന്നതെന്നും അറ്റോർണി ജനറൽ വാദിച്ചു.
മുൻകേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായ യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവരാണ് ഹർജിക്കാർ. വിധിയിലെ തെറ്റുതിരുത്താനുള്ള കേന്ദ്രസർക്കാരിന്റെ അപേക്ഷയും കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയുമുണ്ട്.
മാർച്ച് 14ന് വീണ്ടും വാദം കേൾക്കും.
റാഫേൽ അനിവാര്യം: അറ്റോർണി
രേഖകൾ മോഷ്ടിച്ചത് നിലവിലെ ഉദ്യോഗസ്ഥരോ, മുൻ ഉദ്യോഗസ്ഥരോ, ആരാണെന്ന് അന്വേഷിക്കുകയാണ്. അതീവ രഹസ്യമായ രേഖകൾ രണ്ട് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റകരമാണ്. കുറ്റകൃത്യത്തിലൂടെ നേടിയ രേഖകൾ കോടതി സ്വീകരിക്കരുത്. വാദം കേൾക്കുന്ന ദിവസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് കോടതിയെ സ്വാധീനിക്കാനാണ്. ഇത് കോടതിയലക്ഷ്യമാണ്. രാജ്യസുരക്ഷയ്‌ക്കും ശത്രുവിന്റെ എഫ്-16 യുദ്ധവിമാനങ്ങളെ നേരിടാനും റാഫേൽ അനിവാര്യമാണെന്നും എ. ജി പറഞ്ഞു.
കേന്ദ്രം വസ്‌തുതകൾ മറച്ചു: ഹർജിക്കാർ
റാഫേലിലെ നിർണായക രേഖകൾ കോടതിയിൽ നിന്ന് കേന്ദ്രസർക്കാർ മറച്ചുവച്ചെന്ന് ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ വാദിച്ചു. പ്രതിരോധ ഇടപാടിലെ അഴിമതി ആരോപണങ്ങൾ നിയമപരമായ പരിശോധനയ്ക്ക് വിധേയമാണ്.
ടു.ജി, കൽക്കരി അഴിമതി കേസുകളിൽ പുറത്തുവന്ന രേഖകൾ കോടതി പരിഗണിച്ചിട്ടുണ്ട്. വസ്‌തുതകൾ കേന്ദ്രസർക്കാർ മറച്ചു വച്ചില്ലായിരുന്നെങ്കിൽ റാഫേൽ ഇടപാട് അന്വേഷിക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളുകയില്ലായിരുന്നു. വസ്തുതകൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അറ്റോർണി ജനറലിന്റെ നടപടി കോടതിയലക്ഷ്യമാണ്.