university

ന്യൂഡൽഹി: സർവകലാശാലകളിലെ അദ്ധ്യാപക നിയമനത്തിൽ പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്കുള്ള സംവരണത്തിന് മൊത്തം തസ്തിക കണക്കാക്കി നിയമനം നൽകുന്ന (200 പോയിന്റ് റോസ്റ്റർ) രീതി പുനഃസ്ഥാപിക്കാനുള്ള ഒാർഡിനൻസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ സർവകലാശാലകളിലെ 5000ത്തിലധികം ഒഴിവുകളിലെ നിയമന തടസം ഇല്ലാതാകും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള മോദി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഓരോ വകുപ്പും ഓരോ യൂണിറ്റായി കണക്കാക്കി (13 പോയിന്റ് റോസ്റ്റർ) നിയമനം നടത്തണമെന്ന് 2017ൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിൽ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ച് യു.ജി.സി സർക്കുലറും ഇറക്കി. വകുപ്പുകളിൽ ഒഴിവുകൾ കുറവായതിനാൽ പിന്നാക്ക, പട്ടിക സമുദായങ്ങൾക്ക് സംവരണം കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചതോടെ പിന്നാക്ക വിഭാഗങ്ങളുടെ കടുത്ത എതിർപ്പുയർന്നു. തുടർന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകി. നിയമനങ്ങൾ താത്കാലിമായി നിറുത്തിവയ്ക്കാനും നിർദ്ദേശിച്ചു. ഫെബ്രുവരി 27ന് പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് തിരഞ്ഞെടുപ്പിന് മുൻപ് ഓർഡിനൻസിറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കേരളത്തിൽ തൃക്കാക്കരയിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.