rahul-gandhi

ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്‌ടിച്ചവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അന്വേഷണം വേണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി 'ബൈപ്പാസ് സർജറി' നടത്തിയതിനും സമാന്തര ചർച്ചകൾ ഇടപാട് വൈകിച്ചതിനും രേഖകൾ തെളിവാണെന്നും രാഹുൽ ആരോപിച്ചു. റാഫേ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ മോഷ്‌ടിക്കപ്പെട്ടെന്നും കാണാതായ രേഖകളുടെ അടിസ്ഥാനത്തിൽ വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തിനെതിരെ ഔദ്യോഗിക രഹസ്യാന്വേഷണ നിയമപ്രകാരം അന്വേഷണം നടത്തുമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

നീതി ഒരുപോലെ നടപ്പാക്കണം. കാണാതായ രേഖകളുടെ പേരിൽ ചിലർക്കെതിരെ അന്വേഷണം നടത്തുമെന്ന് സർക്കാർ പറയുന്നു. പക്ഷേ രേഖകളിൽ പേരുള്ള പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുമെന്ന് പറയുന്നില്ല. രേഖകൾ കാണാതായെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്. രേഖകൾ സത്യമെങ്കിൽ അതിൽ പറയുന്ന കാര്യങ്ങളും നിഷേധിക്കപ്പെടരുത്. രേഖകളിൽ പ്രധാനമന്ത്രി സമാന്തര ചർച്ച നടത്തിയെന്ന് പറയുന്നുണ്ട്. വിമാനങ്ങൾക്ക് വില കൂടിയെന്നും അതിൽ പരാമർശിക്കുന്നു. ദസോയുമായി ചർച്ച നടത്തിയവർ അടക്കം നിരവധിപേർ പറഞ്ഞത് പ്രധാനമന്ത്രി സമാന്തര ചർച്ച നടത്തി ഇടപാടിൽ ബൈപ്പാസ് സർജറി നടത്തിയെന്നാണ്. അനിൽ അംബാനിക്ക് കരാർ നൽകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി മുൻ ഫ്രഞ്ച് രാഷ്‌ട്രപതിയും വെളിപ്പെടുത്തി. അനിൽ അംബാനിക്ക് 30,000 കോടി രൂപയുടെ ലാഭമുണ്ടാക്കാനായി ഇടപാട് വൈകിപ്പിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

യുവാക്കളുടെ രണ്ടുകോടി തൊഴിലും കാർഷിക ഉൽപന്നങ്ങളുടെ വിലയും ജനങ്ങളുടെ അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ 15 ലക്ഷവും കാണാതായതുപോലെയാണ് റാഫേൽ രേഖകളുടെ അവസ്ഥയെന്നും രാഹുൽ പരിഹസിച്ചു.

കോൺഗ്രസ് പാകിസ്ഥാനെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിന് മറുപടിയായി മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചതും വിവാഹത്തിൽ പങ്കെടുക്കാൻ അങ്ങോട്ടുപോയതും ആരാണെന്ന് രാഹുൽ ചോദിച്ചു. പാക് ചാര സംഘടനയായ ഐ.എസ്.ഐയെ ഉറി സേനാ ക്യാമ്പിലെ ആക്രമണത്തിന് വിളിച്ചുവരുത്തിയതും പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം ആരോപിച്ചു.

സർക്കാർ വിരുദ്ധ പ്രസ്‌താവന നടത്തുന്ന രാഹുൽ ഗാന്ധി പാക് അനുകൂലികളുടെയും റാഫേലിന്റെ എതിരാളികളുടെയും കളിപ്പാട്ടമായി മാറിയെന്ന് ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പ്രതികരിച്ചു.