ന്യൂഡൽഹി: ഗുജറാത്തിലെ ബി.ജെ.പി സർക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹർദിക് പട്ടേൽ കോൺഗ്രസിൽ ചേരും. മാർച്ച് 12ന് അഹമ്മദാബാദിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ നടക്കുന്ന ചടങ്ങിൽ പാർട്ടി അംഗത്വമെടുക്കും. ജാംനഗറിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഹർദിക്ക് പട്ടേൽ അറിയിച്ചു.
യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ ഹർദിക്കിന്റെ വരവിനെ സ്വാഗതം ചെയ്തു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് ജാംനഗർ ലോക്‌സഭാ മണ്ഡലം. 2015ലെ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം കൊടുത്താണ് ഹർദിക് ഗുജറാത്തിൽ ശക്തനായി ഉയർന്നുവന്നത്. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. ബി.ജെ.പിയുമായുള്ള ശക്തമായ പോരാട്ടത്തിൽ 81 സീറ്റിൽ കോൺഗ്രസിന് വിജയിക്കാനായി. പട്ടേൽ വോട്ടുകളിൽ നിർണായക സ്വാധീനമുള്ള ഹർദ്ദിക്കിൻറെ വരവോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. കഴിഞ്ഞതവണ മുഴുവൻ മണ്ഡലങ്ങളും ബി.ജെ.പിക്കൊപ്പമായിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് മാറ്റിവച്ച കോൺഗ്രസ് പ്രവർത്തക സമിതിയോഗം വമ്പൻ റാലിയോടെ മാർച്ച് 12നാണ് അഹമ്മദാബാദിൽ തുടങ്ങുന്നത്.