ന്യൂഡൽഹി: കേരളത്തിലെ സി.പി.ഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഡൽഹിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗം അംഗീകാരം നൽകി. ദേശീയ നേതാവ് ആനി രാജയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യ വീണ്ടും ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വം നൽകിയ പട്ടിക മാറ്റങ്ങളില്ലാതെ അംഗീകരിക്കാൻ ധാരണയാവുകയായിരുന്നു. തിരുവനന്തപുരത്ത് സി.ദിവാകരൻ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശൂരിൽ രാജാജി മാത്യു തോമസ്, വയനാട്ടിൽ പി.പി. സുനീർ എന്നിവരാണ് സി.പി.ഐ സ്ഥാനാർത്ഥികൾ. പട്ടിക സി.പി.ഐ കേന്ദ്രനേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ദേശീയതലത്തിൽ നാൽപ്പതിലധികം സീറ്റുകളിൽ മത്സരിക്കാനാണ് സി.പി.ഐ ഒരുങ്ങുന്നത്. ബീഹാറിലെ മധുബനി മണ്ഡലത്തിൽ ആനി രാജയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശമുയർന്നെങ്കിലും സ്ഥാനാർത്ഥിയെ കെട്ടിയിറക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചു. ആർ.ജെ.ഡിയുമായുള്ള ചർച്ച പൂർത്തിയായ ശേഷമേ ബീഹാറിലെ ബഹുസരായി മണ്ഡലത്തിൽ കനയ്യകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിന് അന്തിമ അംഗീകാരം നൽകുകയുള്ളൂ.