bjp

ന്യൂഡൽഹി: ആന്ധ്രാ പ്രദേശിൽ ഭരണകക്ഷിയായ തെലുങ്കു ദേശം പാർട്ടിയുടെ നേതൃത്വത്തിൽ വോട്ടർപട്ടികയിൽ വ്യാപകമായ കൃത്രിമം നടത്തിയതായി ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി വി.മുരളീധരൻ, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കന ലക്ഷ്‌മി നാരായണ, വക്താവ് ജി.വി.എൽ നരസിംഹറാവു എന്നിവരാണ് പരാതി നൽകിയത്. ടി.ഡി.പിക്ക് തോൽവി ഉറപ്പാകുമെന്ന് സർവേയിൽ കണ്ടെത്തിയ വിജയവാഡ, കഡപ്പ മണ്ഡലങ്ങളിൽ പ്രതിപക്ഷ പാർട്ടികളോട് കൂറുള്ള 18 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ അപ്രത്യക്ഷമായെന്ന് പരാതിയിൽ പറയുന്നു. പകരം നിരവധി വ്യാജ വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തി. അതിനാൽ പുതിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണം.

തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയ വോട്ടർമാരെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഭരണകക്ഷി ചോർത്തിയെടുത്തതായും പരാതിയിൽ പറയുന്നു. ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, മേൽവിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങളാണ് ചോർത്തിയത്. ഇത് ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ അടിയന്തരമായി ഇടപെടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.