sudhakar-reddy-

ന്യൂഡൽഹി:ബീഹാറും തമിഴ്നാടും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസും ഇടതുപക്ഷവും സംയുക്ത പ്രചാരണം നടത്തില്ലെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഢി പറഞ്ഞു. പശ്ചിമബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാകുമെങ്കിലും സംയുക്തപ്രചാരണം നടത്തില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുകയാണ് നയം. 24 സംസ്ഥാനങ്ങളിലെ 53 സീറ്റുകളിൽ സി.പി.ഐ മത്സരിക്കും. കേരളത്തിലെ നാലു മണ്ഡലങ്ങളിലടക്കം 15 സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക അംഗീകരിച്ചു.

രണ്ട് ദിവസത്തെ ദേശീയ എക്സിക്യുട്ടീവിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി ആറു സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനം. ആർ.ജെ.ഡിയുമായി ചർച്ച തുടരുകയാണ്. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ രണ്ട് സീറ്റിൽ മത്സരിക്കും. പഞ്ചാബിൽ ബി.എസ്.പിയുമായും ആന്ധ്രാപ്രദേശിൽ പവൻ കല്യാണിന്റെ ജനസേനയുമായും സഖ്യമുണ്ടാക്കും. ഒറീസയിൽ കോൺഗ്രസിന് പിന്തുണ നൽകും.
ദേശീയ സെക്രട്ടറി ഡി.രാജ അദ്ധ്യക്ഷനായുള്ള 11 അംഗ തിരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതി രൂപീകരിച്ചു. ബിനോയ് വിശ്വം, ആനി രാജ എന്നിവർ അംഗങ്ങളാണ്.

പേയ്മെൻറ് സീറ്റ് വിവാദം മാദ്ധ്യമസൃഷ്ടി

2014ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പേയ്മെൻറ് സീറ്റ് വിവാദം മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും പാർട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്നും സുധാകർ റെഡ്ഢി വ്യക്തമാക്കി. കുറ്റാരോപിതനായി പാർട്ടി നടപടിയെടുത്തയാളെ അതേ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പേയ്മെന്റ് സീറ്റായിരുന്നെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെ ഗുരുതര നടപടിയുണ്ടായേനെ. സ്ഥാനാർത്ഥി നിർണയത്തിൽ സാങ്കേതിക പിഴവുണ്ടായതിനാണ് പാർട്ടി അന്ന് നടപടിയെടുത്തത്. സിറ്റിംഗ് എം.എൽ.എമാരെ ലോക്‌സഭാ സ്ഥാനാർത്ഥികളാക്കുന്നത് ആദ്യമല്ല. വിജയസാദ്ധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.കേരളത്തിൽ നാലു സീറ്റ് മാത്രമായതിനാലാണ് വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാവാതെ വന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ വനിതാ സ്ഥാനാർത്ഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.