priyanandhan

ന്യൂഡല്‍ഹി: ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ പങ്കെടുക്കേണ്ടിയിരുന്ന ഡൽഹി കേരളാ ക്ളബിലെ ചടങ്ങ് അയ്യപ്പ ഭക്തരെന്ന പേരിൽ എത്തിയവർ അലങ്കോലമാക്കി. പ്രിയനന്ദനൻ എത്തുംമുമ്പായിരുന്നു സംഭവം. കേരളാക്ളബിൽ പ്രദർശിപ്പിച്ചിരുന്ന കാർട്ടൂണുകളുംമറ്റും പ്രതിഷേധക്കാർ നശിപ്പിച്ചു. തുടർന്ന് പരിപാടി നിറുത്തിവച്ചു.

കേരള ക്ലബ്ബിൽ വെള്ളിയാഴ്‌ച പതിവുള്ള സംവാദത്തിന്റെ ഭാഗമായി പ്രിയനന്ദനുമായി അഭിമുഖം നടത്താൻ തീരുമാനിച്ചിരുന്നു. പ്രിയനന്ദനൻ എത്താൻ വൈകിയതിനെ തുടർന്ന് സംഘാടകർ സംവാദം തുടങ്ങിയപ്പോഴാണ് ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തിയ ഒരാളുടെ പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു സംഘം എത്തിയത്. പ്രിയനന്ദനന്‍ എത്തിയാല്‍ കൈകാര്യം ചെയ്യുമെന്നും അവര്‍ ഭീഷണി മുഴക്കി. പ്രതിഷേധവുമായി വേദി കൈയ്യേറാൻ ശ്രമിച്ചപ്പോൾ ഭാരവാഹികൾ തടഞ്ഞു. തുടർന്നാണ് ക്ലബ്ബ് ഹാളില്‍ പ്രദര്‍ശിപ്പിച്ച ചില കാര്‍ട്ടൂണുകള്‍ വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നശിപ്പിച്ചത്. ചോദ്യം ചെയ്‌തവരെ കൈയ്യേറ്റം ചെയ്യാനും മുതിർന്നു. പ്രിയനന്ദനന്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചെങ്കിലും ഹാളില്‍ കൂടി നിന്ന് ശരണം വിളിച്ച് പ്രതിഷേധം തുടര്‍ന്നു.