ന്യൂഡൽഹി: പുതു ചിന്തയുള്ള പുതിയ പാക് എന്ന് അവകാശപ്പെടുന്ന പാകിസ്ഥാൻ ഭീകരവാദത്തിനെതിരെ പുതിയ നടപടിയെടുത്ത് കാണിക്കണമെന്ന് ഇന്ത്യ. വെറും വാക്കുകൾക്ക് പകരം വ്യക്തവും ദൃഢവും നിലനിൽക്കുന്നതുമായ തെളിവുകൾ നൽകണമെന്നും വിദേശകാര്യവക്താവ് രവീഷ്‌കുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ന്യായമായ ആശങ്കകളെ പാകിസ്ഥാൻ ഗൗരവമായി കണക്കിലെടുക്കുന്നില്ല.
പുതിയ പാകിസ്ഥാനെങ്കിൽ സ്വന്തം മണ്ണിലുള്ള ഭീകരകേന്ദ്രങ്ങൾക്കും ഭീകരതയ്ക്കുമെതിരെ നടപടിയെടുക്കണം. ചില ഭീകരസംഘടനയ്ക്കും വ്യക്തികൾക്കുമെതിരെ നടപടിയെടുത്തെന്ന് പറയുന്ന പാകിസ്ഥാൻ 2001ലെ പാർലമെന്റ് ആക്രമണം മുതലുള്ള അതേ തിരക്കഥയാണ് അവതരിപ്പിക്കുന്നത്. നടപടി കടലാസിൽ മാത്രമാണ്. ഭീകരസംഘടനകളും വ്യക്തികളും അവരുടെ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുകയാണ്.
എഫ്-16 യുദ്ധവിമാനം ഇന്ത്യ തകർത്തത് നിരന്തരം നിഷേധിക്കുന്നത് തുടരുകയാണ് പാകിസ്ഥാൻ. ഇന്ത്യയ്ക്ക് ഒരു യുദ്ധവിമാനമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമായി പറഞ്ഞിട്ടുണ്ട് . രണ്ടെണ്ണം വെടിവച്ചിട്ടുവെന്ന പറയുന്ന പാകിസ്ഥാൻ ഓരാഴ്ച കഴിഞ്ഞിട്ടും വീഡിയോ ദൃശ്യങ്ങൾ കാണിക്കാൻ തയാറാകുന്നില്ല. തകർത്തെന്ന് പറയുന്ന ഇന്ത്യയുടെ രണ്ടാമത്തെ വിമാനാവശിഷ്ടങ്ങൾ എവിടെയാണ്. പൈലറ്റിന് എന്തു സംഭവിച്ചു? പുൽവാമ ഭീകരാക്രമണത്തിന് ശേഷം അന്താരാഷ്ട്ര സമൂഹം ഇന്ത്യയോടൊപ്പം നിന്നു. ഭീകരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. എന്നാൽ പുൽവാമ ഭീകരാക്രമണം ജയ്ഷെ ഏറ്റെടുത്തിട്ടും പാകിസ്ഥാൻ അത് നിഷേധിക്കുകയാണെന്നും രവീഷ്‌കുമാർ പറഞ്ഞു.