ന്യൂഡൽഹി: അയോദ്ധ്യകേസിൽ മദ്ധ്യസ്ഥരെ നിയമിച്ച സുപ്രീംകോടതി നിലപാട് ആശ്ചര്യജനകമാണെന്ന് ആർ.എസ്.എസ്. നീതിന്യായ വ്യവസ്ഥയോട് ബഹുമാനമുണ്ടെന്നും എന്നാൽ കേസിൽ എത്രയും വേഗം വിധി പുറപ്പെടുവിച്ച് രാമക്ഷേത്ര നിർമ്മാണത്തിനുള്ള തടസങ്ങൾ നീക്കുകയാണ് വേണ്ടതെന്നും ഗ്വാളിയറിലെ അഖില ഭാരതീയ പ്രതിനിധി സഭയിൽ വച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദു സമൂഹം നിരന്തരം അവഗണിക്കപ്പെടുകയാണ്. ദീർഘകാലമായി കെട്ടിക്കിടക്കുന്ന അയോദ്ധ്യ കേസിൽ കോടതി നടപടികൾ വേഗത്തിലാക്കുന്നതിന് പകരം മറിച്ചുള്ള നടപടികളാണുണ്ടായത്. കേസിന് സുപ്രീംകോടതി യാതൊരു പ്രാധാന്യവും നൽകാത്തത് മനസിലാക്കാനാകുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
ശബരിമല - ആചാരങ്ങൾ ലംഘിക്കാൻ സർക്കാർ ശ്രമിച്ചു
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെയും കേരള സർക്കാരിന്റെ നിലപാടിനെയും റിപ്പോർട്ടിൽ വിമർശിച്ചിട്ടുണ്ട്. ശബരിമല കേസിൽ എല്ലാ കക്ഷികളെയും ശരിയായി പരിഗണിക്കാനും ക്ഷേത്രാചാരങ്ങൾ മനസിലാക്കാനും കോടതി തയ്യാറായില്ല. ബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ ഭിന്നാഭിപ്രായം പരിഗണിക്കുക പോലും ചെയ്യാതെയാണ് വിധി. വിധി വേഗത്തിൽ നടപ്പാക്കണമെന്ന നിർദ്ദേശമില്ലാതിരിക്കെ ക്ഷേത്രാചാരങ്ങൾ ലംഘിക്കാനുള്ള ശ്രമമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തിയത്. ഹിന്ദു സമൂഹത്തിനെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണ് നടത്തുന്നത്. അഹിന്ദുക്കളായ സ്ത്രീകളെയും അവിശ്വാസികളായ സ്ത്രീകളെയും ബലപ്രയോഗത്തിലൂടെ ക്ഷേത്രത്തിൽ കയറ്റാൻ ശ്രമിച്ചുവെന്നും ആർ.എസ്.എസ് ആരോപിച്ചു.
അടുത്തിടെ അന്തരിച്ച മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ്, ചലച്ചിത്രകാരൻ മൃണാൾ സെൻ, കേന്ദ്ര മന്ത്രി അനന്തകുമാർ, മുൻ കേന്ദ്ര മന്തിമാരായ ജാഫർ ഷെരീഫ്, അംബരീഷ്, നടി ശ്രീദേവി, കേരളത്തിൽ നിന്നുള്ള ലോക്‌സഭാംഗം എം.ഐ ഷാനവാസ്, മുൻ എം.എൽ.എ സൈമൺ ബ്രിട്ടോ, സംവിധായകൻ ലെനിൻ രാജേന്ദ്രൻ, കവി പാലൂർ മാധവൻ നമ്പൂതിരി, സ്വാമി വിജയഭാസ്‌കരാനന്ദ തുടങ്ങിയവരെ അനുസ്മരിച്ചു.
രാജ്യത്തെ 37,011 സ്ഥലങ്ങളിൽ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ശാഖകളുടെ എണ്ണം 59, 266 ആയെന്നും റിപ്പോർട്ടിൽ പറയുന്നു.