ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ ആറ് സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടന്ന സി.പി.എം നിർദ്ദേശത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകാരം നൽകിയതായി റിപ്പോർട്ട്.
സി.പി.എം കഴിഞ്ഞതവണ വിജയിച്ച മുർഷിദാബാദിലും റായ്ഗഞ്ചിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തില്ല. ബഹ്‌രാംപുർ, ജംഗിപുർ, മാൾഡ ഉത്തർ, മാൾഡ ദക്ഷിൺ എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. ഇവിടെ സി.പി.എം സ്ഥാനാർത്ഥികളെ നിറുത്തില്ല.
ബംഗാളിൽ കോൺഗ്രസ് - സി.പി.എം ധാരണ സീറ്റ് വിഭജനത്തെ ചൊല്ലി അനിശ്ചിതത്വത്തിലായതോടെയാണ് രാഹുൽഗാന്ധി ഇടപെട്ടതെന്നാണ് റിപ്പോർട്ട്.
പരമാവധി തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമാഹരിക്കുന്നതിന്റെ ഭാഗമായി ഇരുപാർട്ടികളുടെയും സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വം കടുത്ത എതിർപ്പിലായിരുന്നു. റായ്ഗഞ്ചിൽ പി.ബി അംഗം മുഹമ്മദ് സലീമും മുർഷിദാബാദിൽ ബദറുദ്ദോസ ഖാനും ഇക്കുറിയും മത്സരിക്കുമെന്ന് കഴിഞ്ഞദിവസം ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പ്രഖ്യാപിച്ചതോടെ 42 സീറ്റുകളിലും അന്തസോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഭീഷണിമുഴക്കി. സീറ്റ് വിഭജനം പൂർത്തിയാകുന്നതിന് മുൻപ് സി.പി.എം ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിലെ കടുത്ത എതിർപ്പ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അവർ പറഞ്ഞിരുന്നു.
പരമ്പരാഗതമായി കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇവ. 2014ൽ ചതുഷ്കോണ മത്സരം നടന്ന ഇവിടെ സി.പി.എം ജയിച്ച് കയറുകയായിരുന്നു. എന്നാൽ റായ്ഗഞ്ച് ഇക്കുറി വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വം. 2014ൽ പരാജയപ്പെട്ട, അന്തരിച്ച മുൻ കേന്ദ്രമന്ത്രി പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയും മുൻകേന്ദ്രമന്ത്രിയുമായ ദീപദാസ് മുൻഷി ഇക്കുറിയും മത്സരിക്കുമെന്ന് നിലപാടെടുത്തിരുന്നു. അവർ പ്രചാരണവും തുടങ്ങിയിരുന്നു.