modi

ന്യൂഡൽഹി:തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപുള്ള ഒരുമാസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ചെറുതും വലുതുമായ 157 പദ്ധതികളുടെ ഉദ്ഘാടനം. രാജ്യത്തെ വിവിധയിടങ്ങളിലേക്ക് 28 യാത്രകൾ.ഹൈവേകൾ, റെയിൽവേ ലൈൻ,മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, ഗ്യാസ് പൈപ്പ്‌ ലൈനുകൾ, വിമാനത്താവളം, ഉർജ്ജനിലയങ്ങൾ തുടങ്ങിയവ ഇതിൽ പെടുന്നു.വീഡിയോ കോൺഫറൻസിലൂടെ 17 പദ്ധതികളും ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റചട്ടം നിലവിൽ വരുമെന്നതിനാലാണ് മോദി വിശ്രമമില്ലാതെ ഓടിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റും ഔദ്യോഗിക അറിയിപ്പും പ്രകാരമുള്ള കണക്കാണിത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഇന്നലെ സി.ഐ.എസ്.എഫിന്റെ റെയ്സിംഗ് ഡേ ആഘോഷത്തിൽ മോദി പങ്കെടുത്തു.

2014ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപത്തെ മാസം അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് ഒരു യാത്രയും നടത്തിയിട്ടില്ലെന്നാണ് വിവരം. കണ്ണൂർ ഉൾപ്പെടെയുള്ള നഗരങ്ങളെ ഉഡാൻ സർവീസിലൂടെ ബന്ധിപ്പിക്കുന്ന ഗാസിയാബാദിലെ ഹിൻഡർ എയർപോർട്ട് മാർച്ച് എട്ടിന് മോദി തുറന്നു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാറില്ലാത്ത വളരെ ചെറിയ 140 പദ്ധതികളും ഉണ്ട്. സീവേജ് ലൈനുകളുടെ നിർമ്മാണവും മുനിസിപ്പാലിറ്റി പദ്ധതികളും കൂട്ടത്തിലുണ്ട്. ശനിയാഴ്ച ബീഹാറിലെ ബക്സറിലെ ഊർജ്ജനിലയം ഉത്തർപ്രദേശിൽ നിന്ന് വീ‌ഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്‌തത്.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേതി മണ്ഡലത്തിൽ ഇൻഡോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിൽ കലാഷ്‌നികോവ് തോക്കുകളുടെ നിർമ്മാണ ഉദ്ഘാടനം രാഷ്ട്രീയ വിവാദവുമായി. 2007ൽ ഉദ്ഘാടനം ചെയ്ത ഈ പ്ലാൻറിൽ റൈഫിളുകളും ഇൻസാസ് മെഷിൻഗണ്ണുകളും 2010 മുതൽ നിർമ്മിച്ച് തുടങ്ങിയെന്നും പഴയ പദ്ധതി മോദി വീണ്ടും ഉദ്ഘാടനം ചെയ്‌തെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്.

ഉദ്ഘാടനങ്ങൾ

ഫെബ്രുവരി 8- മാർച്ച് 9

157 പദ്ധതികൾ

ജനുവരി 8 - ഫെബ്രുവരി 7

57 പദ്ധതികൾ