മിസോറം ഗവർണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും മുമ്പ്, ഡൽഹി മിസോറം ഭവനിൽ വച്ച് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ഇപ്പോൾ മടങ്ങേണ്ട സമയമാണെന്ന് പലരും പറഞ്ഞു. എനിക്കും അങ്ങനെ തോന്നി. ശബരിമല പ്രക്ഷോഭത്തിനു ശേഷമുള്ള ജനവികാരം കേരളത്തിൽ ബി.ജെ.പിയെ സഹായിക്കും. പദവികൾ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും.തിരുവനന്തപുരത്തു മത്സരിക്കണമെന്ന് പറഞ്ഞാൽ അക്കാര്യവും അനുസരിക്കും.
ശബരിമല സമരത്തെ രാഷ്ട്രീയമായി നേരിടുകയാണ് ഇടതു സർക്കാർ ചെയ്തത്. സന്നിധാനത്ത് ശരണം വിളിച്ചതാണ് കുറ്റം. ശബരിമലയിൽ പോകുന്നവർ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നവരാണ്. പറശ്ശിനിക്കടവിലെ ആചാരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പറ്റില്ല.വിശ്വാസം, വികസനം, വിമോചനം എന്ന മുദ്രാവാക്യമാണ് ഉയരാൻ പോകുന്നത്.
എന്റെ രാജിയിൽ ഭരണഘടനാപരമായ അവഹേളനമില്ല. ലോക്‌സഭയിലേക്കു മത്സരിക്കുന്ന ഇടത് എം.എൽ.എമാർ സ്ഥാനം രാജിവെച്ച് ആ മണ്ഡലങ്ങളിൽ ഇതോടൊപ്പം തിരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടത്. ഇടതുപക്ഷത്തിന്റെ വളർച്ച മുരടിച്ചുവെന്നാണ് സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്
ഞാൻ ഗവർണായി പോയശേഷം ട്രോളന്മാർ കുറച്ചുനാളായി ദാരിദ്ര്യത്തിലാണ്. തിരിച്ചുവരവ് ട്രോളന്മാർക്ക് ഊർജ്ജം പകരുമോ എന്നു ചോദിച്ചാൽ, അക്കാര്യം അവർ തീരുമാനിക്കട്ടെ. ആര് എന്തു ചെയ്താലും വിഷമമോ വിരോധമോ ഇല്ല. അവരെങ്കിലും നമ്മളെ ഓർക്കുന്നുണ്ടല്ലോ.