ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും സിറ്റിംഗ് എം.പിയുമായ കെ.സി വേണുഗോപാൽ വ്യക്തമാക്കി. സംഘടനാ ചുമതലകൾ ചൂണ്ടിക്കാട്ടി കെ.സി പിൻവാങ്ങിയതോടെ ആലപ്പുഴയിലേക്ക് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ നേതൃത്വത്തിൽ ചർച്ചകൾ മുറുകി.
രാജ്യവും കോൺഗ്രസും നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പാർട്ടി വളരെ സുപ്രധാന ചുമതലകളാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും, ഇത്തരം ഭാരിച്ച ചുമതലകൾ വഹിക്കുന്നതിനിടെ ആലപ്പുഴയിൽ മത്സരിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കവേ കെ.സി. വേണുഗോപാൽ പറഞ്ഞു.
ഡൽഹിയിലിരുന്ന് ആലപ്പുഴയിൽ മത്സരിക്കുന്നത് അവിടത്തെ വോട്ടർമാരോടു കാണിക്കുന്ന അനീതിയാണ്. വ്യക്തിപരമായി എനിക്ക് മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, വിശാലമായ പാർട്ടി താത്പര്യമാണ് വലുത്. ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
1996 മുതൽ മൂന്നു തവണ നിയമസഭയിലേക്കും, 2009-ലും 2014-ലും ലോക്‌സഭയിലേക്കും വിജയിച്ച കെ.സിയുടെ പിന്മാറ്റം യു.ഡി.എഫിന് കനത്ത ആഘാതമാണ് ആലപ്പുഴയിൽ ഉണ്ടാക്കുക. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി തന്നെയായിരിക്കുമെന്ന കണക്കുകൂട്ടലിൽ എൽ.ഡി.എഫ് എ.എം. ആരിഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇനി, ആരിഫിനെ എതിരിടാൻ തക്ക സ്ഥാനാർത്ഥിയെ കണ്ടെത്തണം.
ഇനി ആര്?
ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എം.ലിജു, മുൻ എം.എൽ.എ എ.എ. ഷുക്കൂർ, ഹരിപ്പാട് മുൻ എം.എൽ.എ ബി. ബാബുപ്രസാദ് എന്നിവരുടെ പേരുകൾ സജീവചർച്ചയിൽ. ഗ്രൂപ്പ് സമവാക്യം മാറുകയാണെങ്കിൽ എ ഗ്രൂപ്പിലെ പി.സി വിഷ്ണുനാഥിനും സാദ്ധ്യത.