ന്യൂഡൽഹി: നടൻ മോഹൻലാലും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ഉൾപ്പെടെ 56 പേർ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗായകൻ കെ.ജി. ജയൻ, ഡോ. മാമൻ ചാണ്ടി എന്നിവരാണ് ഇന്നലെ പത്മശ്രീ ഏറ്റുവാങ്ങിയ മറ്റു രണ്ട് മലയാളികൾ. ആരോഗ്യപ്രശ്നങ്ങളാൽ വീൽ ചെയറിൽ എത്തിയാണ് കെ.ജി. ജയൻ പുരസ്കാരം ഏറ്റുവാങ്ങിയത്.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ (പത്മഭൂഷൺ), പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ് (പത്മശ്രീ) ഉൾപ്പെടെയുള്ളവർക്ക് മാർച്ച് 16ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
പ്രമുഖമാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കുൽദീപ് നയ്യാർക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മഭൂഷൺ അദ്ദേഹത്തിന്റെ ഭാര്യ ഭാരതി നയ്യാർ ഏറ്റുവാങ്ങി. മോഹൻലാലിനെ കൂടാതെ അമേരിക്കൻ വ്യവസായി ജോൺ ചേംബേഴ്സ്, ബി.ജെ.പി എം.പി ഹുക്കുംദേവ് നാരായൺ യാദവ്, അകാലിദൾ നേതാവ് സുഖ്ദേവ് സിംഗ് ധിൻസ, മുൻ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ കരിയമുണ്ട തുടങ്ങിയവർ പത്മഭൂഷണും മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ, നടനും ഡാൻസറുമായ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ, ഡ്രമ്മർ ശിവമണി തുടങ്ങിയവർ പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി. പത്മവിഭൂഷൺ നേടിയ മഹാരാഷ്ട്രയിൽ നിന്നുള്ള നാടകപ്രവർത്തകൻ ബൽവന്ദ് മോരോശ്വർ പുരന്തരെ ചടങ്ങിനെത്തിയില്ല.