ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പൊതുവിഭാഗത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി മാർച്ച് 28ന് വാദം കേൾക്കും. വിഷയം ഭരണഘടനാബെഞ്ചിന് വിടണോയെന്നതിൽ അന്ന് തീരുമാനമെടുക്കും. അതുവരെ ഇടക്കാല ഉത്തരവിറക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് സന്നദ്ധ സംഘടനയായ യൂത്ത് ഫോർ ഇക്വാളിറ്റിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥ സംവരണത്തിനുള്ള ഏകമാനദണ്ഡം ആക്കാനാകില്ലെന്നും സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും ഇന്ദിരാ സാഹ്‌നി കേസിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രധാനമാണ് സമത്വത്തിനുള്ള അവകാശം. ഇതിന്റെ ഭാഗമായാണ് സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന് ഭരണഘടന വ്യവസ്ഥ ചെയ്‌തത്. മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ള പാവപ്പെട്ടവരെ ഒഴിവാക്കുന്ന ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഉയർന്ന വാർഷിക വരുമാന പരിധി എട്ട് ലക്ഷം ആക്കിയതിലൂടെ സംവരണ ആനുകൂല്യം പ്രമാണിമാർ പിടിച്ചെടുക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു.