congress

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഡൽഹിയിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ല. 15ന് വീണ്ടും യോഗം ചേരും. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവർ മത്സരത്തിനില്ലെന്ന നിലപാടിലാണ്. വടകരയിലും ആലപ്പുഴയിലും ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ നിശ്‌ചയിക്കാൻ കഴിയാതിരിക്കുക കൂടി ചെയ്‌തതോടെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി വീണ്ടും ചേരാൻ തീരുമാനിച്ചത്. എറണാകുളം, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

കെ.സി.വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവരുടെ കാര്യത്തിൽ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. കണ്ണൂരിൽ മുൻ എംപിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ കെ. സുധാകരനോട് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മൻചാണ്ടി മത്സരിക്കാൻ തയ്യാറായാൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവയാണ് പരിഗണനയിൽ. പ്രാദേശിക നേതാക്കളുടെ എതിർപ്പു നേരിടുന്ന പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ഇടുക്കിയിലേക്ക് മാറ്റാനും ആലോചന വന്നു. ഇടുക്കിയിൽ ജോസഫ് വാഴ‌യ‌്ക്കൻ, മാത്യു കുഴൽനാടൻ എന്നിവരാണ് പരിഗണനയിലുള്ള മറ്രു നേതാക്കൾ. ആലപ്പുഴയിൽ വി.എം. സുധീരൻ മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ അടൂർ പ്രകാശിനെ ആലപ്പുഴയിലേക്കു മാറ്റി, അദ്ദേഹത്തിന് ഉദ്ദേശിച്ചിരുന്ന ആറ്റിങ്ങലിൽ യുവനേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കും.

മുല്ലപ്പള്ളി മാറിനിന്നാൽ വടകരയിൽ ടി. സിദ്ധിഖ്, കെ.എം. അഭിജിത്ത് എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നു. സിദ്ധിഖിന്റെ പേര് വയനാട്, കാസർകോട് മണ്ഡലങ്ങളുടെ സാദ്ധ്യതാ പട്ടികയിലുമുണ്ട്. എറണാകുളത്ത് കെ.വി. തോമസ് മത്സരിക്കുന്നതിനോട് ചില നേതാക്കൾ എതിർപ്പു പ്രകടിപ്പിച്ച പശ്‌ചാത്തലത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിക്കു വിട്ടു. കെ.വി. തോമസ് ഇന്ന് സോണിയാ ഗാന്ധിയെ കാണുന്നുണ്ട്.
എറണാകുളത്തേക്ക് ഐ ഗ്രൂപ്പ് വി.ജെ. പൗലോസിന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഹൈബി ഈഡനാണ് ചർച്ചയിലുള്ള മറ്റൊരാൾ.തൃശൂരിൽ ടി.എൻ. പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനുമാണ് സാദ്ധ്യത.

മറ്റു മണ്ഡലങ്ങളിലെ സാദ്ധ്യതപട്ടിക ഇങ്ങനെ: കാസർകോട് ബി.സുബ്ബറായ്, ജെബി മേത്തർ, സിദ്ധിഖ്. വയനാട്: ഷാനിമോൾ ഉസ്‌മാൻ, എം.എം.ഹസൻ, ടി.സിദ്ധിഖ്, വടകര: ടി.സിദ്ധിഖ്, കെ.എം. അഭിജിത്ത്, പാലക്കാട് വി.കെ.ശ്രീകണ്ഠൻ, ലതികാ സുഭാഷ്, ആലത്തൂർ: രമ്യാഹരിദാസ്, അനിൽ കുമാർ.

ഇന്നലത്തെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ മുകുൾ വാസ്‌നിക്, കെ.സി.വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു. ഉമ്മൻചാണ്ടി, പ്രൊഫ. പി.ജെ.കുര്യൻ, കെ.സുധാകരൻ, വി.ഡി. സതീശൻ, പി.സി. ചാക്കോ, ബെന്നിബെഹനാൻ, പി.സി. വിഷ്‌ണുനാഥ് തുടങ്ങിയവരും വിവിധ ഘട്ടങ്ങളിൽ ചർച്ചയുടെ ഭാഗമായി.