ന്യൂഡൽഹി: രാജ്യത്തെ ഏത് കമ്പ്യൂട്ടറും നിരീക്ഷിക്കാനും വിവരങ്ങൾ പരിശോധിക്കാനും പിടിച്ചെടുക്കാനും പത്ത് സുരക്ഷാ, ഇന്റലിജൻസ് ഏജൻസികൾക്ക് അധികാരം നൽകിയ ഡിസംബർ 20ലെ ഉത്തരവ് നിയമവിധേയമായി പ്രവർത്തിക്കുന്ന പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതിയില്ലാതെ വ്യക്തികളുടെ കമ്പ്യൂട്ടറുകളോ ഡേറ്റയോ നിരീക്ഷിക്കില്ലെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. ഐ.ടി ആക്ടിലെ 69-ാം വകുപ്പ് പ്രകാരം ഏതൊക്കെ ഏജൻസികൾക്ക് പരിശോധിക്കാമെന്ന് വ്യക്തത വരുത്തുകയാണ് ചെയ്തത്. പുതിയ അധികാരങ്ങളൊന്നും അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടില്ല. സംസ്ഥാനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമല്ല. കേന്ദ്രം വ്യക്തമാക്കി. സൈബർ നിരീക്ഷണം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 20ലെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ആഭ്യന്തരമന്ത്രാലയ ഡയറക്ടർ സതീന്ദർകുമാർ ഭല്ലയാണ് സത്യവാങ്മൂലം നൽകിയത്.
ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ, എൻ.ഐ.എ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ( റോ),നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ,എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്,സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സസ്,ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ്,ഡയറക്ടറേറ്റ് ഒഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മുകാശ്‌മീർ, വടക്ക് കിഴക്കും അസാമും ),ഡൽഹി പൊലീസ് കമ്മിഷണർ എന്നീ ഏജൻസികൾക്കാണ് കമ്പ്യൂട്ടറുകൾ പരിശോധിക്കാൻ അനുമതി നൽകി കേന്ദ്രആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.
യു.പി.എ സർക്കാർ 2009ൽ പുറത്തിറക്കിയ ഉത്തരവിന്റെ ആവർത്തനം മാത്രമാണിതെന്നായിരുന്നു കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ഐ.ടി മന്ത്രി രവിശങ്കർ പ്രസാദും അവകാശപ്പെട്ടത്. എന്നാൽ ഇക്കാര്യം കോൺഗ്രസ് തള്ളിക്കളഞ്ഞിരുന്നു.