kc-venugopal

ന്യൂഡൽഹി:ആലപ്പുഴ, വടകര, വയനാട് എന്നീ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ ചർച്ച സജീവമായി.

കെ.പി.സി.സി അദ്ധ്യക്ഷനും വടകരയിലെ സിറ്റിംഗ് എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ വിട്ട് വയനാട്ടിലേക്ക് മാറുമോ എന്നതിൽ വ്യക്തതയില്ല.

മറ്റൊരു ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടി മത്സരിക്കില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

വയനാട്ടിൽ കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതായി വാർത്ത വന്നിരുന്നു. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കില്ലെന്ന് പറഞ്ഞതിനർത്ഥം എവിടെയും സ്ഥാനാർത്ഥിയാകില്ല എന്നല്ല എന്ന മുല്ലപ്പള്ളിയുടെ പ്രതികരണമാണ് വയനാടിനെ പറ്റി അഭ്യൂഹം കനപ്പിച്ചത്.

വേണുഗോപാൽ മാറുന്നത് ആലപ്പുഴയിൽ പാർട്ടിക്ക് ആത്മവിശ്വാസം ഇല്ലാത്തതിനാലാണെന്ന വ്യാഖ്യാനം വന്നതോടെ മുല്ലപ്പള്ളി തിരുത്തി. സംഘടനാ ചുമതല വഹിക്കുന്ന വേണുഗോപാലിന് ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉള്ളതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നും ആലപ്പുഴയിൽ അദ്ദേഹത്തിന് വർദ്ധിച്ച ഭൂരിപക്ഷത്തോടെ വിജയം സുനിശ്ചിതമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.സി. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ ആറ്റിങ്ങലിലേക്ക് നിശ്‌ചയിച്ച അടൂർ പ്രകാശിനെ മത്സരിപ്പിക്കണമെന്ന് അഭിപ്രായമുണ്ട്. ആറ്റിങ്ങലിൽ അടൂർ പ്രകാശിനൊപ്പം ഒരു യുവ അഭിഭാഷകന്റെ പേരും ഡൽഹിയിലെ സാദ്ധ്യതാ പട്ടികയിൽ നൽകിയിരുന്നു. അടൂർ പ്രകാശ് ആറ്റിങ്ങലിൽ തന്നെ ഉറച്ചാൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ സ്ഥാനാർത്ഥിയായേക്കും.

ചാലക്കുടി, എറണാകുളം, പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലെ പേരുകളെ ചൊല്ലിയും ആശയക്കുഴപ്പം തുടരുകയാണ്. കാസർകോട് പി.സി. വിഷ്ണുനാഥിനെയാണ് അവസാനം തീരുമാനിച്ചതെന്നാണ് സൂചന. കെ. സുധാകരൻ (കണ്ണൂർ), ടി. സിദ്ദിഖ് (വടകര), എം.കെ. രാഘവൻ (കോഴിക്കോട്), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്) എന്നിവരെ ഏറെക്കുറെ അംഗീകരിച്ചതായറിയുന്നു.

സിറ്റിംഗ് എം.പിമാരിൽ ശശി തരൂർ (തിരുവനന്തപുരം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവർ മാത്രമാണ് സീറ്റ് ഉറപ്പിച്ച് പ്രചാരണം തുടങ്ങിയത്. പത്തനംതിട്ടയിൽ ആന്റോ ആന്റണി, എറണാകുളത്ത് കെ.വി. തോമസ് എന്നിവർക്കൊപ്പം മറ്റ് ചില പേരുകളും ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ ജോസഫ് വാഴയ്ക്കനെ ഐ ഗ്രൂപ്പും പകരം ചാലക്കുടിയിൽ ബെന്നി ബെഹനാനെ എ ഗ്രൂപ്പും നിർദ്ദേശിച്ചപ്പോൾ, പ്രവർത്തകസമിതി അംഗമായ പി.സി. ചാക്കോയെ ചാലക്കുടിയിൽ തഴഞ്ഞെന്ന ആക്ഷേപം ഹൈക്കമാൻഡിന് മുന്നിലെത്തിയിരിക്കയാണ്.

രാഹുൽ വരുന്നു. ചർച്ചകൾ കേരളത്തിലേക്ക്

തിങ്കളാഴ്‌ചത്തെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിനു ശേഷം നേതാക്കളുടെ ഒറ്റയ്‌ക്കുള്ള ചർച്ചകളാണ് ഡൽഹിയിലും കേരളത്തിലും പുരോഗമിക്കുന്നത്. കെ.സി.വേണുഗോപാലും ഉമ്മൻചാണ്ടിയും മറ്റ് നേതാക്കളും ഇന്നലെ പ്രവർത്തക സമിതി യോഗത്തിനായി അഹമ്മദാബാദിലായിരുന്നു.

പ്രമുഖർ വിട്ടുനിന്നാൽ സാദ്ധ്യതയുള്ള യുവ നേതാക്കൾ ഇന്നലെയും ഡൽഹിയിൽ ചർച്ചകൾ തുടർന്നു. രാഹുൽ ഗാന്ധി ഇന്ന് രാത്രി കേരളത്തിൽ എത്തും. അതോടെ രണ്ടു ദിവസം ചർച്ചകൾ കേരളത്തിലേക്ക് മാറും. കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ പരിപാടികൾക്കു ശേഷം രാഹുൽ നാളെ രാത്രി മടങ്ങുന്നതിന് മുമ്പ് പ്രമുഖ നേതാക്കളോട് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അഭിപ്രായം തേടിയേക്കും.

രാഹുലിന്റെ നിർദ്ദേശ പ്രകാരമായിരിക്കും 15ന് ഡൽഹിയിൽ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം വീണ്ടും ചേരുക. അന്ന് തന്നെ സ്ഥാനാർത്ഥി പട്ടികയ്‌ക്ക് അന്തിമ രൂപം നൽകാനാണ് ശ്രമം. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയിരിക്കെ പ്രഖ്യാപനം നീണ്ടാൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ പറയുന്നു.