ന്യൂഡൽഹി / അഹമ്മദാബാദ് : മോദി സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടിയും നിർദ്ധനർക്ക് കുറഞ്ഞ വേതനം, സാമൂഹ്യസുരക്ഷ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. 58 വർഷത്തിന് ശേഷമാണ് അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നത്. വീഴ്ചകൾ മൂടിവയ്ക്കാൻ ദേശീയസുരക്ഷയെ നരേന്ദ്രമോദി മറയാക്കുകയാണെന്ന് സമിതി പാസാക്കിയ പ്രമേയം ആരോപിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കാൻ ബാദ്ധ്യതയുള്ള പാർട്ടിയാണ് കോൺഗ്രസെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം ഉയർത്തിക്കാട്ടും. പാർട്ടി അധികാരത്തിലെത്തിയ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കർഷക വായ്പ എഴുതിത്തള്ളിയത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും.
രാജ്യത്തെ വളർച്ചയുടെ നേട്ടം ജനങ്ങൾക്കെല്ലാം ഒരുപോലെ ലഭ്യമാക്കുമെന്നും മൗലികാവകാശങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ അസ്ഥിത്വവും ഉറപ്പാക്കുമെന്നും പ്രചാരണത്തിലുടനീളം പറയും. തൊഴിലില്ലായ്മ, കർഷകരുടെ അതൃപ്തി, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി, വളർച്ചാ മുരടിപ്പ് തുടങ്ങിയ വിഷയങ്ങളും ആയുധമാക്കും.
സ്ത്രീകൾ, വിദ്യാർത്ഥികൾ, അക്കാഡമിക് വിദഗ്ദ്ധർ തുടങ്ങിയവരെ ആക്രമിച്ചും ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശ ലംഘനം നടത്തിയും ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിച്ചുമാണ് ബി.ജെ.പി ഭരിച്ചത്. ജി.എസ്.ടി പിഴവിലൂടെ വാണിജ്യ വ്യവസായ മേഖലകൾ തകർന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം നഷ്ടമായി.
പുൽവാമ സംഭവത്തിൽ കോൺഗ്രസടക്കം സർക്കാരിന് പിന്നിൽ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റു വീഴ്ചകൾ മറച്ചു വയ്ക്കാൻ മുതലെടുപ്പ് നടത്തുകയാണ്.
ഗാന്ധിജിയുടെ ദണ്ഡി സത്യാഗ്രഹത്തിന്റെ 89-ാം വാർഷിക ദിനത്തിലാണ് മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തക സമിതി അഹമ്മദാബാദിൽ ചേർന്നത്. മോദിക്കെതിരെയുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാൻ അദ്ദേഹത്തിന്റെ നാട്ടിൽ യോഗം ചേർന്നതും ശ്രദ്ധേയം. സബർമതിയിലെ ഗാന്ധി ആശ്രമത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി യോഗത്തിനെത്തിയത്. രാഹുൽ, സോണിയ, മൻമോഹൻസിംഗ് എന്നിവർ അഹമ്മദാബാദിലെ രക്തസാക്ഷി സ്മാരകവും സന്ദർശിച്ചു. പ്രവർത്തക സമിതി യോഗത്തിനു ശേഷം ഗാന്ധിനഗറിലെ അദ്ലജിൽ നടന്ന റാലിയിൽ രാഹുലും സോണിയയും പ്രിയങ്കയും പ്രസംഗിച്ചു. യു.പിക്ക് പുറത്ത് പ്രിയങ്കയുടെ ആദ്യ രാഷ്ട്രീയ പ്രസംഗമാണിത്.