ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പൊതുവിഭാഗത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ 103 ാം ഭരണഘടനാഭേദഗതി സാമൂഹ്യ സമത്വമുറപ്പാക്കാനാണെന്നും നടപടി ഭരണഘടനാവിരുദ്ധമല്ലെന്നും കേന്ദ്രസർക്കാർ. സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസാമൂഹ്യനീതി മന്ത്രാലയം നിലപാട് അറിയിച്ചത്.
ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളെയോ സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന വ്യവസ്ഥയോ ലംഘിക്കുന്നതല്ല ഭേദഗതി. നിലവിലുള്ള എസ്.സി,എസ്.ടി, ഒ.ബി.സി സംവരണത്തെ തൊടാതെയാണ് പത്തുശതമാനം സാമ്പത്തിക സംവരണം കൊണ്ടുവന്നത്. സംവരണാനുകൂല്യം ലഭിക്കാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുണകരമാകുന്ന ഭേദഗതി സമൂഹത്തിലെ അവശവിഭാഗങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനുള്ള ഭരണഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയാണെന്നും കേന്ദ്രം വ്യക്തമാക്കി.
സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് മാർച്ച് 28നാണ് വാദം കേൾക്കുന്നത്. വിഷയം ഭരണഘടനാബെഞ്ചിന് വിടുന്നതിലും അന്ന് തീരുമാനം വരും. സാമ്പത്തിക സംവരണത്തിനെതിരെ സന്നദ്ധ സംഘടനയായ യൂത്ത് ഫോർ ഇക്വാളിറ്റിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥ സംവരണത്തിനുള്ള ഏകമാനദണ്ഡമാക്കാനാകില്ലെന്നും സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഒൻപതംഗ ബെഞ്ചിൻറെ വിധിയും ചൂണ്ടിക്കാണിച്ചാണ് ഹർജി.