national-minority-commiss

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട അക്രമങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷൻ ജോർജ് കുര്യൻ പറഞ്ഞു. എറണാകുളത്തെ ജിബിൻ വർഗീസിന്റെ കൊലപാതകത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി, കൊച്ചി പൊലീസ് കമ്മിഷണർ എന്നിവരോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം അറിയിച്ചു.
ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 8 ആൾക്കൂട്ട കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും അവസാനത്തേതാണ് ജിബിൻ വർഗീസിന്റേത്. മലപ്പുറം ജില്ലയിലെ പൊടിപ്പാറയിൽ കോയയെ ഒക്ടോബറിലും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ മധു എന്ന ആദിവാസി ചെറുപ്പക്കാരനെയും കൊല്ലം ജില്ലയിലെ അഞ്ചലിൽ മണിക് റോയ് എന്ന തൊഴിലാളിയെയും ആൾക്കൂട്ടം കൊലപ്പെടുത്തി.
ആൾക്കൂട്ടം മർദ്ദിച്ച മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ സാജിദ് ആത്മഹത്യ ചെയ്തു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഒരു ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് ജനസംഖ്യയ്ക്ക് ആനുപാതികമായി ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനം.