അഹമ്മദാബാദ്: ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പാർട്ടിയിൽ ഔദ്യോഗിക ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ പ്രസംഗത്തിൽ പ്രവർത്തകരെയെല്ലാം പ്രിയങ്കാ ഗാന്ധി കൈയിലെടുത്തു. നരേന്ദ്രമോദിയെ ആക്രമിച്ചും കോൺഗ്രസിനു വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത വിവരിച്ചുമായിരുന്നു പ്രസംഗം.
അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു ശേഷം ഗാന്ധിനഗറിലെ അദ്‌ലജിൽ നടന്ന പൊതുറാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും സംസാരിച്ചു.
രാജ്യത്ത് വെറുപ്പിന്റെ രാഷ്‌ട്രീയമാണ് പ്രചരിക്കപ്പെടുന്നതെന്നും വോട്ട് എന്ന ആയുധമുപയോഗിച്ച് ജനങ്ങൾ അതിന് അറുതി വരുത്തണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ദുഃഖമുണ്ട്. നമ്മുടെ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുന്നു. വെറുപ്പ് പടർത്തുകയാണ്. അതിനെതിരെ ജാഗ്രത വേണം. അതാണ് ദേശാഭിമാനത്തിന്റെ അടയാളം.
വോട്ട് നിങ്ങളുടെ ആയുധമാണ്. അതുകൊണ്ട് ആരെയും മുറിവേല്പിക്കേണ്ട. അതു നിങ്ങളെ ശക്തിപ്പെടുത്തും. ഈ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ ഭാവി നിശ്ചയിക്കാൻ പോകുകയാണ്. അർത്ഥമില്ലാത്ത പ്രചാരണങ്ങളെ അവഗണിക്കുക. പകരം ശരിയായ ചോദ്യങ്ങൾ ചോദിക്കുക. അതായത് ചെറുപ്പക്കാർക്ക് എങ്ങനെ തൊഴിൽ ലഭിക്കും. സ്‌ത്രീകൾ സുരക്ഷിതരാണോ. കർഷകർക്ക് എന്തു നൽകും തുടങ്ങിയവ.
നരേന്ദ്രമോദി സർക്കാർ വാഗ്‌ദാനം ചെയ്‌ത രണ്ടു കോടി തൊഴിൽ എവിടെയെന്ന് ചോദിക്കണം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ ഇടുമെന്ന് പറഞ്ഞതിനെക്കുറിച്ച് ചോദിക്കണം. ജനങ്ങൾ ശരിയായ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് ശരിയായ തീരുമാനമെടുക്കേണ്ട സമയമാണ്. വെറുപ്പിനെ സ്‌നേഹവും അനുകമ്പയുമായി മാറ്റുന്നതാണ് രാജ്യത്തിന്റെ രീതിയെന്നും പ്രിയങ്ക ഒാർമ്മിപ്പിച്ചു. മോദിസർക്കാർ വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം എവിടെയെന്ന് രാഹുൽ ഗാന്ധിയും ചോദിച്ചു. ജി.എസ്.ടിയെ ഗബ്ബർ സിംഗ് ടാക്‌സ് എന്നു കളിയാക്കിയ രാഹുൽ അതെങ്ങനെ നടപ്പാക്കുമെന്ന് ഇപ്പോഴും കച്ചവടക്കാർക്ക് മനസിലായിട്ടില്ലെന്നും പറഞ്ഞു. പുൽവാമ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ മോചിപ്പിച്ചത് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലാണെന്ന ആരോപണവും രാഹുൽ ഉന്നയിച്ചു.