agustawestland-scam

ന്യൂഡൽഹി സി.ബി.ഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന ഭീഷണിപ്പെടുത്തിയിരുന്നതായി അഗസ്റ്റ വെസ്റ്റലാൻഡ കോപ്ടർ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ഡൽഹി പട്യാലഹൗസ് സി.ബി.ഐ പ്രത്യേക കോടതിയിൽ പറഞ്ഞു. ഒരിക്കൽ ദുബായിൽ വച്ച് അസ്താന തന്നെ കണ്ടു. സി.ബി.ഐ പറയുംപോലെ അനുസരിച്ചില്ലെങ്കിൽ നരകതുല്യമായ ജയിൽ ജീവിതമാകും ഇന്ത്യയിൽ കാത്തിരിക്കുകയെന്നും ഭീഷണിപ്പെടുത്തി. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എന്റെ തൊട്ടടുത്ത ജയിൽ മുറിയിലുള്ളത് ഛോട്ടാ രാജനാണ്. ഒരുപാട് പേരെ കൊന്നയാൾക്കൊപ്പം പാർപ്പിക്കാൻ മാത്രം എന്ത് കുറ്റമാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. പതിനേഴോളം കാശ്മീരി വിഘടനവാദി നേതാക്കളാണ് തനിക്കൊപ്പം ജയിലിലുള്ളതെന്നും മിഷേൽ പറഞ്ഞു.

കൂടുതൽ ചോദ്യം ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണിക്കവെയാണ് വെളിപ്പെടുത്തൽ. തുടർന്ന് മാനസിക പീഡനമേറ്റുവെന്ന പരാതി പരിഗണിച്ച് മിഷേലിന്റെ ജയിൽ മുറിയിലേതുൾപ്പെടെയുള്ള സി.സി ടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ കോടതി ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു.

ഇന്നും നാളെയും മിഷേലിനെ

ചോദ്യം ചെയ്യാൻ അനുമതി

ഇന്നും നാളെയും തിഹാർ ജയിലിനകത്ത് വച്ച് ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മിഷേലിനെ ചോദ്യം ചെയ്യാൻ സ്പെഷ്യൽ ജഡ്ജി അരവിന്ദ്കുമാർ എൻഫോഴ്സ്മെന്റിന് അനുമതി നൽകി. മിഷേലിന്റെ അഭിഭാഷകരെ രാവിലെയും വൈകിട്ടും അരമണിക്കൂർ ചോദ്യം ചെയ്യൽ സമയത്ത് ഹാജരാകാനും അനുവദിച്ചു.

സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായിരിക്കെ അഗസ്റ്റ വെസ്റ്റ്ലാൻഡ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത് രാകേഷ് അസ്താനയായിരുന്നു. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമ്മയുമായുള്ള പരസ്യ തർക്കത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പോയ അസ്താനയെ പിന്നീട് സിവിൽ ഏവിയേഷൻ ബ്യൂറോയിലേക്ക് സ്ഥലംമാറ്റി.

യു.എ.ഇ ഇന്ത്യയിലേക്ക് നാടുകടത്തിയ മിഷേലിനെ ഡിസംബർ 22നാണ് അറസ്റ്റ് ചെയ്തത്. യു.പി.എ സർക്കാരിന്റെ കാലത്ത് ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാൻഡയുടെ വി.വി.ഐ.പി ഹെലികോപ്ടർ വാങ്ങാനുള്ള 3,600 കോടിയുടെ കരാറിൽ അഴിമതി നടന്നുവെന്നാണ് കേസ്. ഇതിൽ മുഖ്യഇടനിലക്കാരൻ ബ്രീട്ടീഷ് പൗരനായ മിഷേലാണെന്ന് സി.ബി.ഐയും ഇ.ഡിയും ആരോപിക്കുന്നു.