ന്യൂഡൽഹി: രാമജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്കത്തിൽ മൂന്നംഗസമിതി മദ്ധ്യസ്ഥ നടപടികൾ തുടങ്ങി. 25 ഹർജിക്കാർക്കും ഹാജരാകാനായി ഫൈസാബാദ് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു. ഫൈസാബാദിലെ അവധ് സർവകലാശാല ഹാളിലാണ് മദ്ധ്യസ്ഥ ചർച്ചകൾ നടക്കുക. മദ്ധ്യസ്ഥ സ്ഥലത്തേക്ക് മറ്റാരെയും പ്രവേശിപ്പിക്കില്ല. ഇവിടെ ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതിയുടെ ചെയർമാൻ സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ളയും അംഗങ്ങളായ ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരും ഫൈസാബാദിലെത്തി. മദ്ധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരത്തിനായി എട്ടാഴ്ചയാണ് സുപ്രീംകോടതി അനുവദിച്ചത്.