smrithi

ന്യൂഡൽഹി: റോബർട്ട് വാധ്യ പ്രതിയായ ഭൂമിയിടപാട് കേസിൽ ഭാര്യ പ്രിയങ്കാ ഗാന്ധിക്കും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. രാഹുലിനു വേണ്ടി വാധ്രയെ മറയാക്കിയതാണെന്നും പാർട്ടി വക്താവും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി പറഞ്ഞു. പരാജയം ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്‌ടക്കാർ വ്യാജ ആരോപണങ്ങളുമായി വരികയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

''വിവാദ ഭൂമി ഇടപാടുകളിൽ റോബർട്ട് വാധ്ര വെറും പൊയ്‌മുഖം മാത്രമായിരുന്നു. പിന്നിലുള്ള യഥാർത്ഥ വ്യക്തി രാഹുൽ ഗാന്ധിയാണെന്ന് ഇപ്പോൾ വ്യക്തമായി. റോബർട്ട് വാധ്രയ്‌ക്കൊപ്പം രാഹുൽ അളിയനും ചേർന്നാണ് അഴിമതിയുടെ കുടുംബ പാക്കേജ് നടപ്പാക്കിയത്. രാഹുലും പ്രിയങ്കയും നടത്തിയ ഭൂമി ഇടപാടിൽ റോബർട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്‌മെന്റ് ലക്ഷ്യമിട്ട എച്ച്.എൽ. പഹ്‌വ ഉൾപ്പെട്ടിരുന്നു." കുപ്രസിദ്ധ ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ സുഹൃത്തും പ്രവാസി വ്യവസായിയുമായ സി.സി. തമ്പിയാണ് പഹ്‌വയ്‌ക്ക് പണംനൽകി സഹായിച്ചതെന്നും സ്‌മൃതി ഇറാനി ചൂണ്ടിക്കാട്ടി. പഹ്‌വയുമായുള്ള ബന്ധവും ഭൂമി ഇടപാടും രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.