rafale-case

പുനഃപരിശോധനാ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനഇടപാടുമായി ബന്ധപ്പെട്ട പുറത്തുവന്ന രേഖകൾ രാജ്യസുരക്ഷയെ അപകടത്തിലാക്കിയെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. റാഫേലിന്റെ യുദ്ധശേഷിയുമായി ബന്ധപ്പെട്ടതടക്കമുള്ള വിവരങ്ങൾ ചോർത്തി പ്രചരിപ്പിച്ചത് കുറ്റകരമാണ്. പ്രതിരോധമന്ത്രാലയത്തിലെ ക്ലാസിഫൈഡ് പട്ടികയിലുള്ള രേഖകൾ നിയമവിരുദ്ധമായി ഫോട്ടോകോപ്പിയെടുത്തത് മോഷണത്തിന് തുല്യമാണ്. പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

റാഫേൽ ഇടപാടിൽ സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാഹർജികളിൽ ഇന്ന് വീണ്ടും വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇവ പ്രത്യേക പരിരക്ഷയുള്ള രേഖകളാണ്. കേന്ദ്രസർക്കാരിൻറെ അനുമതിയില്ലാതെ പൊതുസമൂഹത്തിൽ വരാൻ പാടില്ല. രേഖകൾ പുറത്തുവിട്ടതിലൂടെ ശത്രുരാജ്യത്തിന് ലഭിക്കുന്നതിനിടയാക്കി. രാജ്യത്തിൻറെ പരമാധികാരത്തെയും സുരക്ഷയെയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്നനടപടിയാണ്. ഈ ഫോട്ടോകോപ്പികൾ ദേശസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട് ആഭ്യന്തരചർച്ചകളെക്കുറിച്ച് അവ്യക്തമായ ചിത്രമുണ്ടാക്കാനാണ് ഉപയോഗിച്ചത്. വിദേശരാജ്യവുമായുള്ള ഇന്ത്യയുടെ കരാർ വ്യവസ്ഥകളുടെ ലംഘനമാണ് നടന്നത്.

ഫോട്ടോകോപ്പിയെടുക്കാൻ ഗൂഢാലോചന നടത്തിയവരും പുനഃപരിശോധനയുൾപ്പെടെയുള്ള ഹർജികൾക്കൊപ്പം ചേർത്തവരും കുറ്റകൃത്യമാണ് ചെയ്തത്. വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ച് ഫെബ്രുവരി 28 മുതൽ അന്വേഷണം നടക്കുകയാണ്.
ഈ രേഖകൾ ഹർജിയിൽ നിന്ന് നീക്കണം. പുനഃപരിശോധനാഹർജികൾ തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

ഫ്രാൻസിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാരിൻറെ കരാറിൽ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കി ദി ഹിന്ദു ദിനപത്രമാണ് രേഖകൾപുറത്തുവിട്ടത്. ഇവ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന സുപ്രീംകോടതിയിൽ പറഞ്ഞ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വിവാദമായതോടെ നിലപാട് തിരുത്തിയിരുന്നു.രേഖകൾ മോഷണം പോയിട്ടില്ലെന്നും യഥാർത്ഥ രേഖയുടെ ഫോട്ടോകോപ്പിയാണ് പുറത്തുപോയതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും മാറ്റിപ്പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്നലെ സത്യവാങ്മൂലവും നൽകിയത്.

യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവർ നൽകിയ പുനഃപരിശോധനാഹർജിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്.