ന്യൂഡൽഹി: അംഗപരിമിതർക്ക് യാത്രാസൗജന്യത്തിനായി പ്രത്യേക തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയ റെയിൽവെ ഉത്തരവിൽ ഡൽഹി ഹൈക്കോടതി റെയിൽവെ,സാമൂഹ്യക്ഷേമ മന്ത്രാലയങ്ങൾക്ക് നോട്ടീസയച്ചത്. നാഷണൽ പ്ലാറ്റ്ഫോം ഫോർ റൈറ്റ്സ് ഒഫ് ഡിസേബൾസ് നൽകിയ ഹർജിയിലാണ് ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
യാത്രാ സൗജന്യത്തിനായി റെയിൽവെ മന്ത്രാലയം പ്രത്യേക പാസ് വിതരണം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. 2016ൽ പാർലമെന്റ് പാസാക്കിയ 'റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസ്എബിലിറ്റി ആക്ട് പ്രകാരം സാമൂഹ്യക്ഷേമ മന്ത്രാലയം അംഗ പരിമിതർക്കായി വിതരണം ചെയ്യുന്ന യു.ഡി.ഐ.ഡി കാർഡുകൾ റെയിൽവെ യാത്രാ ആനുകൂല്യങ്ങൾക്കായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മുതിർന്ന അഭിഭാഷകൻ പി.വി.സുരേന്ദ്രനാഥ്, കെ.ആർ.സുഭാഷ് ചന്ദ്രൻ എന്നിവർ മുഖേനെ സംഘടന ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ജൂലായ് 26 ന് വീണ്ടും പരിഗണിക്കും.