ന്യൂഡൽഹി: നിർണയക ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തുറുപ്പുചീട്ടാണ് പ്രിയങ്കാ ഗാന്ധി. 'ഭായിയോം ഔർ ബഹനോം' എന്ന് പ്രസംഗിച്ചു തുടങ്ങുന്ന മോദിയെ അഹമ്മദാബാദിൽ വച്ചുതന്നെ തിരുത്തി, 'ബഹനോം ഔർ ഭായിയോം' എന്ന് അഭിസംബോധന ചെയ്ത പ്രിയങ്കയുടെ ആദ്യ രാഷ്ട്രീയപ്രസംഗം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതേസമയം 'കുടുംബ ഗ്ലാമറി'നു പുറത്ത് വലിയ വെല്ലുവിളികൾ മറികടക്കാൻ പ്രിയങ്കയ്‌ക്ക് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
കാത്തിരിപ്പുകൾക്കു ശേഷം രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കപ്പെട്ടപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെയും മാദ്ധ്യമങ്ങളുടെയും എതിരാളികളുടെയും പ്രതികരണം മാത്രം മതി, പ്രിയങ്കയുടെ പ്രാധാന്യമറിയാൻ.
'ബി.ജെ.പിക്ക് പാർട്ടിയാണ് കുടുംബം, ചിലർക്ക് കുടുംബമാണ് പാർട്ടി'യെന്നു പറഞ്ഞ് അന്നുതന്നെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഒപ്പം മറ്റ് ബി.ജെ.പി നേതാക്കളും. കാവൽക്കാരൻ കള്ളനെന്നു നാടുനീളെ പറയുന്ന രാഹുലിനെ മാത്രമല്ല, വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ വോട്ട് ആയുധമാക്കാൻ ആഹ്വാനം ചെയ്ത പ്രിയങ്കയെയും ഇനി എതിരാളികൾക്ക് പേടിക്കണം.
യു.പിയിൽ നിവർന്നു നിൽക്കാൻ
ഡൽഹിയിലേക്കുള്ള അധികാരവഴിയാണ് ഉത്തർപ്രദേശ്. 80 ലോക്‌സഭാ മണ്ഡലങ്ങൾ. 403 സീറ്റുള്ള യു.പി നിയമസഭയിൽ ഒരുകാലത്ത് മുന്നൂറിലധികം സീറ്റു നേടിയ കോൺഗ്രസ് ഇന്ന് ഏഴ് എം.എൽ.എമാരിൽ ഒതുങ്ങുന്നു . 2014- ലെ ലോക്‌സഭയിൽ സോണിയയുടെ റായ്ബറേലിയും രാഹുലിന്റെ അമേഠിയും മാത്രം കൈയിൽ. ബദ്ധവൈരികളായിരുന്ന ബി.എസ്.പിയും എസ്.പിയും ബി.ജെ.പിക്കെതിരെ ഒന്നിച്ചു. ജാതിസമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത്,10 ശതമാനം സാമ്പത്തിക സംവരണമുൾപ്പടെ കൊണ്ടുവന്ന് ബി.ജെ.പിയും പോരിന്. ഇതെല്ലാം കണ്ട് ഒറ്റയ്ക്ക് ഒന്നിനും കഴിയാതിരിക്കുന്ന സംസ്ഥാന കോൺഗ്രസിന് ആവേശമായാണ് പ്രിയങ്ക വന്നത്.
സജീവ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം രാഹുൽഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി നടത്തിയ ആദ്യ റോഡ് ഷോയിൽ പ്രവർത്തകരുടെ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിൽ എഴുതിയിരുന്നത് ഇങ്ങനെ: ഇന്ദിര ഈസ് ബാക്ക്! ഇന്ദിരാഗാന്ധിയെ പോലെ പ്രിയങ്കയും ആവേശമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി, യു.പി മുഖ്യൻ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പുർ ഉൾപ്പെടെ 41 മണ്ഡലങ്ങളടങ്ങുന്ന കിഴക്കൻ യു.പിയാണ് പ്രിയങ്കയ്‌ക്കു കീഴിൽ.
ഒപ്പത്തിനൊപ്പം നിൽക്കാൻ
റാലികളും റോഡ്ഷോകളും പൊതുസമ്മേളനങ്ങളുമായി ഊർജ്ജസ്വലനായി നിൽക്കുന്ന നരേന്ദ്രമോദിയാണ് ബി.ജെ.പിയുടെ നായകൻ. ഒപ്പം ദേശീയ അദ്ധ്യക്ഷൻ അമിത്ഷായും. വീഡിയോ കോൺഫറൻസിംഗിടെയും നമോ ആപ്പിലൂടെയും വരെ രാജ്യമാകെയുള്ള പ്രവർത്തകരോട് മോദി സംവദിക്കും. ഈ ആവേശ പ്രചാരണത്തിൽ പിന്നിലാകാതിരിക്കാനും രാജ്യത്തുടനീളം കോൺഗ്രസിന് ഊർജ്ജമാകാനും പ്രിയങ്കയ്ക്ക് കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷ. മോദിയുടെ വാരാണസിയിലുൾപ്പെടെ പ്രിയങ്കയിലൂടെ ചലനമുണ്ടാക്കാനാണ് ഉന്നം.
പ്രിയങ്കയെ സജീവ രാഷ്ട്രീയത്തിലിറക്കിയ കോൺഗ്രസിന് പ്രധാന ലക്ഷ്യം രണ്ട് -
ഒന്ന്: സോണിയയുടെ റായ്ബറേലിയും രാഹുലിന്റെ അമേഠിയുമല്ലാതെ ഒറ്റ സീറ്റിൽപ്പോലും നിവർന്നു നിൽക്കാനാകാത്ത സംസ്ഥാന കോൺഗ്രസിന്റെ നട്ടെല്ലാവുക.
രണ്ട്: മോദിയെന്ന സ്റ്റാർ ക്യാമ്പെയ്‌നർ ബി.ജെ.പിയെ നയിക്കുമ്പോൾ വീറോടെ എതിരിടാൻ കോൺഗ്രസിന് ഇന്ദിരാ മുഖമുള്ള സുന്ദരി!