congress-in-madhyapradesh

ന്യൂഡൽഹി: കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിലുള്ള അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽ കുമാർ എന്നിവർക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈംബ്രാഞ്ച്കേസെടുത്തത് ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണി പരാജയ ഭീതി മൂലം നടത്തുന്ന നടപടിയാണിത്. ഒാല പാമ്പ് കാട്ടി യു.ഡി.എഫിനെ പേടിപ്പിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്.മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളാണ്. ഇതുകൊണ്ടൊന്നും യു.ഡി.എഫിനെ ദുർബ്ബലപ്പെടുത്താനാകില്ല. കേസിനെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടും. ഗൂഢാലോചനയ്‌ക്ക് കേരളം ശക്തമായ തിരിച്ചടി നൽകും.
കേരളത്തിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. രാഹുൽഗാന്ധിയുടെ പരിപാടിയിലെ ആവേശം ജനങ്ങളുടെ മൂഡ് വ്യക്തമാക്കുന്നു. മതേതര നിലപാടിൽ ഉറച്ച് യു.ഡി.എഫ് മുന്നോട്ട് പോകും.

കോൺഗ്രസിന്റേത് മികച്ച സ്ഥാനാർത്ഥി പട്ടികയാകും.
സി.പി.എം നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് വെയിൽ കൊള്ളുന്നു. കോൺഗ്രസ് സി.പി.എമ്മിനെപ്പോലെ പ്രാദേശിക പാർട്ടിയല്ല. തിരുവനന്തപുരത്ത് രണ്ടോ മൂന്നോ പേർ കൂടി ഇരുന്ന് സി.പി. എമ്മിനെ പോലെ സ്ഥാനാർഥികളെ തീരുമാനിക്കാനാകില്ല.