congress-sabarimala-women

ന്യൂഡൽഹി: തിരുവനന്തപുരം (ശശി തരൂർ), മാവേലിക്കര (കൊടിക്കുന്നിൽ സുരേഷ്), കോഴിക്കോട് (എം.കെ. രാഘവൻ), കണ്ണൂർ (കെ. സുധാകരൻ), കാസർകോട് (സുബ്ബറായ്) എന്നീ അഞ്ച് മണ്ഡലങ്ങൾ ഒഴികെയുള്ള ലോക്‌സഭാ സീറ്റുകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിച്ച് കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.

സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൽ ഗാന്ധി തീരുമാനമെടുക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും മത്സരിക്കില്ലെന്ന് ഏതാണ്ടുറപ്പായി. ഇടുക്കിയിൽ പി.ജെ.ജോസഫിന് സീറ്റു നൽകില്ല. വടകരയിലും പാർട്ടി സ്ഥാനാർത്ഥി തന്നെയാവും മത്സരിക്കുക.പരമാവധി സീറ്റുകളിൽ കോൺഗ്രസ് തന്നെ മത്സരിക്കാനാണ് രാഹുലിന്റെ നിർദ്ദേശം.

ജോലിഭാരം കാരണം മത്സരിക്കാനില്ലെന്ന നിലപാട് കെ.സി. വേണുഗോപാൽ ആവർത്തിച്ചതിനെ തുടർന്നാണ് തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടത്. കേരളത്തിൽ നിന്ന് രാഹുലിനൊപ്പം വിമാനത്തിൽ ഡൽഹിയിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരാണ് സ്‌ക്രീനിംഗ് സമിതി യോഗത്തിൽ പങ്കെടുത്തത്. എ.കെ. ആന്റണിയുടെ വസതിയിലും ചർച്ച നടന്നു. ഇന്ന് മുകുൾ വാസ്‌നിക് അദ്ധ്യക്ഷനായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗമാണ് പട്ടികയ്‌ക്ക് അന്തിമ അനുമതി നൽകുക. സാദ്ധ്യതാപട്ടികയിലുള്ള നേതാക്കളെല്ലാം പ്രതീക്ഷയോടെ ഡൽഹിയിൽ തുടരുകയാണ്.

ആലപ്പുഴ

കെ.സി സ്ഥാനാർത്ഥിയായില്ലെങ്കിൽ ആറ്റിങ്ങലിൽ നിശ്‌ചയിച്ച അടൂർ പ്രകാശിനോ, വനിതാ നേതാവ് ഷാനിമോൾ ഉസ്‌മാനോ നറുക്കു വീണേക്കും.

ആറ്റിങ്ങൽ

എം.എം. ഹസന്റെ പേരുയർന്നിട്ടുണ്ട്. മേഘാലയ, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച യുവ അഭിഭാഷകൻ അനിൽ ബോസിനെയും പരിഗണിക്കുന്നു.

പത്തനംതിട്ട

ഉമ്മൻചാണ്ടി മത്സരിക്കില്ലെന്ന് ഏതാണ്ടുറപ്പായതോടെ സിറ്റിംഗ് എം.പി ആന്റോ ആന്റണിയാകും സ്ഥാനാർത്ഥി.

ഇടുക്കി

ജോസഫ് വാഴക്കനോ, ഡീൻ കുര്യാക്കോസിനോ സാദ്ധ്യതയുണ്ട്. യു.ഡി.എഫ് സ്വതന്ത്രനാകാൻ ശ്രമിക്കുന്ന കേരളാകോൺഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ കാര്യം ചർച്ച ചെയ്‌തിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.

വടകര

വടകരയിൽ ടി. സിദ്ധിഖ്, രാജ്‌മോഹൻ ഉണ്ണിത്താൻ,ബി.എം. അഭിജിത്ത് എന്നിവരെ പരിഗണിക്കുന്നു.

എറണാകുളം

കെ.വി. തോമസിന്റെ സ്ഥാനാർത്ഥിത്വവും രാഹുലിന്റെ തീരുമാനത്തിന് വിട്ടു. അദ്ദേഹത്തെ ഇന്നലെ സ്‌ക്രീനിംഗ് സമിതി യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. പാർട്ടി എന്തു തീരുമാനിച്ചാലും അനുസരിക്കുമെന്ന് കെ.വി. തോമസ് പിന്നീട് പറഞ്ഞു. എറണാകുളത്ത് തോമസിന് പുറമേ ഹൈബി ഈഡൻ എം.എൽ.എ, രാഹുലിന്റെ ഡാറ്റാശേഖരണ ടീമിലെ അംഗം സ്വപ്‌ന പാട്രോണിക്‌സ് എന്നിവരുടെ പേരുകളാണുള്ളത്.

തൃശൂർ

ടി.എൻ.പ്രതാപനൊപ്പം കാത്തലിക് സഭയുടെ പ്രതിനിധി എന്നനിലയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്‌സന്റെ പേരും പരിഗണിക്കുന്നു.

ചാലക്കുടി

യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്‌നാനും പി.സി. ചാക്കോയും കെ.പി. ധനപാലനും പരിഗണനയിലാണ്.

വയനാട്

ഷാനിമോൾ ഉസ്‌മാൻ, ടി.സിദ്ധിഖ്, അബ്‌ദുൾ മജീദ് എന്നിവർ പരിഗണനയിലാണ്.

ആലത്തൂർ

രമ്യാഹരിദാസ്, എ.പി. അനിൽകുമാർ എന്നിവരുടെ പേരുകളാണുള്ളത്.

പാലക്കാട്

വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ,സുമേഷ് അച്യുതൻ എന്നിവരാണ് സാദ്ധ്യതാ പട്ടികയിൽ