sreeshanth

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ് കേസിൽ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കി. ശ്രീശാന്തിന്റെ വാദം കൂടി കേട്ടശേഷം മൂന്നുമാസത്തിനുള്ളിൽ ബി.സി.സി.ഐ അച്ചടക്കസമിതി ശിക്ഷയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ്മാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വിധിച്ചു.

ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെ ശ്രീശാന്ത് നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചാണ് ഉത്തരവ്.

വിവാദവും വിലക്കും

2013ലെ ഐ.പി.എൽ ആറാം സീസണിലെ വാതുവയ‌്പ് വിവാദങ്ങളെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
മൊഹാലിയിൽ രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള കളിയിൽ വാതുവയ്പ് നടന്നുവെന്നും ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കാൻ ശ്രീശാന്ത് സമ്മതിച്ചെന്നുമായിരുന്നു ആരോപണം.

പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് വ്യക്തമാക്കി 2015 ഏപ്രിലിൽ ഡൽഹിയിലെ വിചാരണക്കോടതി ശ്രീശാന്ത് ഉൾപ്പെടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.

സകോട്ടിഷ് ലീഗിൽ കളിക്കാൻ അനുമതി നൽകണമെന്ന ആവശ്യം ബി.സി.സി.ഐ തള്ളിയതോടെയാണ് ശ്രീശാന്ത് ആജീവനാന്തവിലക്കിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീ ഇനി കളിക്കുമോ ?

ക്രിക്കറ്റ് കളത്തിലേക്ക് ശ്രീശാന്തിന് തിരിച്ചുവരാനുള്ള സാദ്ധ്യതകൾ ഇൗ വിധി തുറക്കുന്നുണ്ട്.

ആജീവനാന്ത വിലക്കിന് പകരം ആറുകൊല്ലമോ അതിൽ താഴെയോ ഉള്ള വിലക്കാണ് ബി.സി.സി.ഐ നൽകുന്നതെങ്കിൽ ഇപ്പോൾത്തന്നെ തിരിച്ചുവരാം.

ഇപ്പോൾ അനുഭവിച്ച കാലത്തെക്കാൾ കൂടുതൽ വിലക്കാണ് ബി.സി.സി.ഐ നൽകുന്നതെങ്കിൽ അത് തീരുന്നത് വരെ കാക്കണം.

ശ്രീയെത്തേടി സ്കോട്ടിഷ് ലീഗിൽ നിന്ന് ക്ഷണമെത്തിയിരുന്നു. വിലക്ക് കാലാവധി കഴിഞ്ഞാൽ വിദേശത്തോ സ്വദേശത്തോ ഉള്ള ലീഗുകളിൽ കളിക്കാം.

36-ാം വയസിൽ ദേശീയ ടീമിൽ തിരിച്ചെത്തുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷൻ തയ്യാറായാൽ സംസ്ഥാന ടീമിൽ തിരിച്ചെത്താം.