ന്യൂഡൽഹി: കോടതിയിലെ നീണ്ട ഇന്നിംഗ്സിന് ശേഷം ആജീവനാന്ത വിലക്ക് നീങ്ങിയതിലെ ആഹ്ലാദത്തിലാണ് മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്. സുപ്രീംകോടതി വിധി തനിക്ക് ലഭിച്ച ലൈഫ് ലൈനാണെന്നാണ് ശ്രീശാന്ത് വിശേഷിപ്പിച്ചത്. ബി.സി.സി.ഐക്ക് തീരുമാനമെടുക്കാൻ മൂന്നുമാസം കൂടിയുണ്ട്. മാദ്ധ്യമങ്ങളോടുള്ള പ്രതികരണത്തിൽ നിന്ന്.
തീർച്ചയായും തിരിച്ചുവരും
സുപ്രീംകോടതിയോട് നന്ദിയുണ്ട്. വിധി പുതുജീവൻ നൽകുന്നു. വലിയ ആശ്വസമാണ്. എനിക്ക് 36 വയസായി. നാലോ അഞ്ചോ വർഷങ്ങളെ ബാക്കിയുള്ളൂ. 36 ാം വയസിൽ ഞാൻ ആർക്കും എതിരാളിയല്ല. ആറുവർഷത്തെ വലിയ ശിക്ഷ ഏറ്റുവാങ്ങി. 2015ൽ ക്ലീൻ ചിറ്റ് കിട്ടിയിട്ടും വീണ്ടും നാലുവർഷം കാത്തിരുന്നു. ബി.സി.സി.ഐ അനുകൂല തീരുമാനമെടുക്കുമെന്ന് കരുതുന്നു.
മുന്നിൽ സ്കോട്ടിഷ് ലീഗ്
കൗണ്ടിയിൽ കളിക്കാനാണ് പദ്ധതി. കഴിഞ്ഞതവണ അനുമതി കിട്ടിയില്ല. സ്കോട്ടിഷ് ലീഗ് ഏപ്രിലിലാണ്. എത്രയും വേഗം അനുമതി വാങ്ങി അവിടെ പോയി കളിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളം സൂപ്പർ
ഈ വർഷം രഞ്ജിയിൽ സെമിവരെയത്തിയതാണ് കേരളം. ആ യുവാക്കളോടൊപ്പം കേരള ടീമിൽ കളിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ടീമിൽ കളിക്കുന്നത് എളുപ്പമെന്ന് കരുതുന്നില്ല. എന്റെ സ്വന്തം ക്ലബിൽ കളിക്കുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കും. നന്നായി പരിശീലനം ചെയ്യണം. ആറുമാസത്തിനുള്ളിൽ മത്സര ക്രിക്കറ്റിൽ പൂർണമായും തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ട്.
വിരമിക്കാൻ പലതവണ തീരുമാനിച്ചു
എന്റെ ഉപജീവനമാർഗം ക്രിക്കറ്റാണ്. കുടുംബത്തെ നോക്കാൻ ക്രിക്കറ്റിലേക്ക് മടങ്ങിവരണം. പലതവണ വിരമിക്കാൻ തീരുമാനിച്ചതാണ്. ദൈവത്തിന് നന്ദി, അത് ചെയ്യാത്തതിന്.
ഞാൻ ആറുവർഷം ക്ഷമയോടെ കാത്തിരുന്നു. ഇനി വീണ്ടും കാത്തിരിക്കണം. ആറുമാസമായിട്ട് പരിശീലനം നടത്തുന്നുണ്ട്.
പെയ്സ് പ്രചോദനം
ലിയാൻഡർ പെയ്സിന്റെ ആരാധകനാണ് ഞാൻ. പെയ്സ് നാല്പത് വയസു കഴിഞ്ഞും ഗ്രാൻഡ് സ്ലാം കളിക്കുന്നു. അദ്ദേഹം വലിയ പ്രചോദനമാണ്. എനിക്ക് 36 വയസേ ആയിട്ടുള്ളൂ.
ചിലർ വിളിക്കുന്നുണ്ട്
ഒപ്പം കളിച്ച ചിലരിൽ നിന്ന് കോളുകളും വാട്സാപ്പ് സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. ഹർഭജൻസിംഗ് സംസാരിച്ചു.വീരേന്ദർ സെവാഗ്, സുരേഷ് റെയ്ന എന്നിവരും ബന്ധപ്പെടുന്നുണ്ട്. റോബിൻ ഉത്തപ്പയോട് എപ്പോഴും സംസാരിക്കാറുണ്ട്.