ന്യൂഡൽഹി: മഹാസഖ്യത്തിന്റെ ഭാഗമാകാനുള്ള ചർച്ചകൾ പാളിയതോടെ മഹാരാഷ്ട്രയിലും ബീഹാറിലും സി.പി.എം ഒറ്റയ്ക്ക് മത്സരിക്കും. മഹാരാഷ്ട്രയിലെ ദിൻഡോരി സീറ്റ് വേണമെന്ന സി.പി.എം ആവശ്യം എൻ.സി.പിയും ബീഹാറിലെ ഉജിയാർപുർ നൽകാൻ ആർ.ജെ.ഡിയും വിസമ്മതിച്ചതോടെയാണ് നടപടി. എസ്.ടി സംവരണമണ്ഡലമായ ദിൻഡോരിയിൽ സംസ്ഥാനത്തെ എക പാർട്ടി എം.എൽ.എയായ ജീവ പാണ്ഡു ഗവിത് ആണ് സി.പി.എം സ്ഥാനാർത്ഥി.
അതേസമയം ഉജിയാർപുരിൽ ആർ.ജെ.ഡി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കാനാണ് സി.പി.എം നീക്കം. മത്സരിക്കാത്ത മറ്റുസീറ്റുകളിൽ ബി.ജെ.പി വിരുദ്ധ വോട്ട് സമാഹരിക്കാൻ പിന്തുണ നൽകും.
മഹാരാഷ്ട്രയിൽ എൻ.സി.പിയുമായി സഹകരിക്കാനായിരുന്നു സി.പി.എം തീരുമാനം. ദിൻഡോരിയും പാൽഘറുമാണ് സി.പി.എം ചോദിച്ചത്. രാജ്യം ശ്രദ്ധിച്ച കർഷകരുടെ ലോംഗ് മാർച്ച് കിസാൻസഭ ആരംഭിച്ചത് ദിൻഡോരിയിൽ നിന്നാണ്. ഇവിടെ 2014ലെ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ട് നേടി സി.പി.എം സ്ഥാനാർത്ഥി മൂന്നാമതെത്തിയിരുന്നു. പാൽഘറിൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ട് സി.പി.എം നേടിയിരുന്നു. എന്നാൽ എൻ.സി.പിയുമായി പലവട്ടം ചർച്ച നടത്തിയിട്ടും ധാരണയായില്ല. ഇതിനിടെ കോൺഗ്രസുമായി ധാരണയാക്കി എൻ.സി.പി ഏകപക്ഷീയമായി സ്വന്തം സ്ഥാനാർത്ഥിയെ കഴിഞ്ഞദിവിസം പ്രഖ്യാപിച്ചതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ സി.പി.എം തീരുമാനിച്ചത്.
2014ൽ ഉജിയാർപുർ സീറ്റിൽ 6 ശതമാനം വോട്ട് നേടി സി.പി.എം നാലാമതായാണ് എത്തിയത്. സി.പി.എമ്മുമായി സഹകരിക്കാൻ തയാറാകാത്ത ആർ.ജെ.ഡി സി.പി.ഐക്കും സി.പി.എം എല്ലിനും സീറ്റ് നൽകാൻ തയാറായിട്ടുണ്ടെന്നാണ് സൂചന.
45 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക
കേരളത്തിലെ 16 സീറ്റിലേതുൾപ്പെടെ ലോക‌്സഭാ തിരഞ്ഞെടുപ്പിലെ 45 സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക സി.പി.എം പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും സ്ഥാനാർത്ഥികളെയാണ‌് പ്രഖ്യാപിച്ചത‌്. അസാം (2), ഹരിയാന (1) ,ഹിമാചൽ പ്രദേശ‌് (1), മദ്ധ്യപ്രദേശ‌് (1), മഹാരാഷ‌്ട്ര (1), ഒഡീഷ (1), പഞ്ചാബ‌് (1), തമിഴ‌്നാട‌് (2), ത്രിപുര (2), ബംഗാൾ (16),ലക്ഷദ്വീപ‌് (1) എന്നിങ്ങനെയാണ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം.