പാർട്ടിയുടെ അനുമതിയോടെയെന്ന് എച്ച്.ഡി കുമാരസ്വാമി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ അടുത്ത അനുയായിയും ജനതാദൾ സെക്കുലർ (ജെ.ഡി.എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ ഡാനിഷ് അലി ബി.എസ്.പിയിൽ ചേർന്നു. കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് ലോക്‌സഭാ സീറ്റ് വിഭജനം പൂർത്തിയാക്കി രണ്ടുദിവസത്തിനുള്ളിൽ ഡാനിഷ് അലി പാർട്ടി വിട്ടത് പ്രവർത്തകർക്കിടയിൽ ഞെട്ടലുണ്ടാക്കിയെങ്കിലും നേതൃത്വത്തിന്റെ അനുമതിയോടെയുള്ള രാഷ്ട്രീയ നീക്കമാണെന്ന് ജെ.ഡി.എസ് വ്യക്തമാക്കി.

ലക്‌നൗവിൽ നടന്ന ചടങ്ങിൽ മുതിർന്ന നേതാവ് സതീഷ് ചന്ദ്ര ഡാനിഷ് അലിയെ ബി.എസ്.പിയിലേക്ക് സ്വീകരിച്ചു. ഉത്തർപ്രദേശിലെ അമ്റോഹയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. ഇവിടെ സ്ഥാനാർത്ഥിയെ നിറുത്തരുതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ദേവഗൗഡ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

കർണാടകയിൽ നിന്ന് സീറ്റ് ലഭിക്കില്ലെന്ന് വ്യക്തമായിരുന്നു. യു.പിയിൽ നിന്ന് ലോക്‌സഭയിലേക്കെത്താനുള്ള സാദ്ധ്യതയില്ലാത്തതും കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് തുടർച്ചയായി അവഗണിക്കപ്പെടുന്നതിലും ഡാനിഷ് അലിക്ക് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ജെ.ഡി.എസ് തള്ളി.

ഡാനിഷ് അലി ബി.എസ്.പിയിൽ ചേർന്നത് ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവഗൗഡയുടെയും തന്റെയും അനുമതിയോടെയാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു. ഇത് പൂർണമായും രാഷ്ട്രീയ നീക്കുപോക്കിന്റെ ഭാഗമാണ്. ലോക്‌സഭയിൽ കൂടുതൽ സീറ്റ് നേടുകയെന്ന ലക്ഷ്യത്തിന് ഇരുപാർട്ടികളും ആലോചിച്ചെടുത്ത തീരുമാനമാണെന്നും കുമാരസ്വാമി വ്യക്തമാക്കി.

ദേശീയതലത്തിൽ ജെ.ഡി.എസിന്റെ പ്രധാനമുഖമാണ് ഡാനിഷ് അലി. കൊച്ചിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, കർണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളിൽ 20 സീറ്റിൽ കോൺഗ്രസും എട്ട് സീറ്റിൽ ജെ.ഡി.എസും മത്സരിക്കുമെന്ന് ബുധനാഴ്ച ഡാനിഷ് അലിയാണ് പ്രഖ്യാപിച്ചത്.
ദേവഗൗഡയുടെ അനുഗ്രഹത്തോടും അനുവാദത്തോടും കൂടിയാണ് ബി.എസ്.പിയിൽ ചേർന്നതെന്ന് ഡാനിഷ് അലി മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ അലിയുടെ സ്ഥാനം അദ്ധ്യക്ഷ മായാവതി തീരുമാനിക്കുമെന്ന് സതീഷ് ചന്ദ്ര വ്യക്തമാക്കി.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ് - ബി.എസ്.പി സഖ്യമുണ്ടാക്കുന്നതിനും ഡാനിഷ് അലിയാണ് മുൻകൈയെടുത്തത്. മായാവതി ജെ.ഡി.എസിനൊപ്പം സജീവമായി പ്രചരണ രംഗത്തുണ്ടായ തിരഞ്ഞെടുപ്പിൽ ആദ്യമായി ബി.എസ്.പി കർണാടക നിയമസഭയിൽ ഒരു സീറ്റ്നേടി. തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് - ജെ.ഡി.എസ് സഖ്യമുണ്ടാക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയതും അലിയായിരുന്നു.

ഉത്തർപ്രദേശുകാരനായ ഡാനിഷ് അലി ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ജെ.ഡി.എസിലെത്തുന്നത്. യു.പിയിൽ നിന്ന് നേരത്തെ ജെ.ഡി.എസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.