ന്യൂഡൽഹി: തർക്കം തുടരുന്ന ആലപ്പുഴ, വയനാട്, ആറ്റിങ്ങൽ, വടകര എന്നിവ ഒഴികെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ലിസ്റ്റിന് കോൺഗ്രസ് അന്തിമരൂപം നൽകിയെന്നറിയുന്നു. എറണാകുളത്ത് നിന്ന് അഞ്ച് തവണ ലോക്‌സഭയിൽ എത്തിയ മുതിർന്ന നേതാവ് കെ.വി. തോമസിനെ വെട്ടിമാറ്റി യുവത്വത്തിന്റെ പ്രതിനിധിയായ ഹൈബി ഈഡന് സീറ്റ് നൽകിയത് ഹൈക്കമാൻഡ് നടത്തിയ ഏറ്റവും വലിയ അട്ടിമറിയായി. തീരുമാനത്തിൽ പ്രതിഷേധിച്ച കെ. വി. തോമസ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡിനെതിരെ പൊട്ടിത്തെറിച്ചു. അതുപോലെ കാസർഗോട്ട് കെ. പി. സി. സി വക്താവ് രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കിയതും അപ്രതീക്ഷിതമായി.

ഹൈബിക്കൊപ്പം ഡീൻ കുര്യാക്കോസ്,ടി. എൻ പ്രതാപൻ,വി. കെ. ശ്രീകണ്ഠൻ, രമ്യാ ഹരിദാസ് എന്നിവർ ലിസ്റ്റിൽ യുവശക്തിയുടെ പ്രതിനിധികളായി. അതുപോലെ അനുഭവ സമ്പത്തുള്ളവർക്കും പ്രാധാന്യം നൽകുന്നതാണ് ലിസ്റ്റ്.

സിറ്റിംഗ് എംപിമാരിൽ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, , എം.കെ. രാഘവൻ എന്നിവർക്ക് വീണ്ടും അവസരം ലഭിച്ചു. അടൂർ പ്രകാശിനെ ആലപ്പുഴയിലും ഷാനിമോൾ ഉസ്‌മാനെ ആറ്റിങ്ങലിലും പരിഗണിക്കുന്നുണ്ട്.

കെ.സി. വേണുഗോപാലിന്റെ ആലപ്പുഴ, അന്തരിച്ച എം.ഐ. ഷാനവാസിന്റെ വയനാട്, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്നലെ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല. വയനാട്ടിൽ സിദ്ദിഖിന്റെയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്‌മാന്റെയും സ്ഥാനാർത്ഥിത്വത്തെ ചൊല്ലി എ-ഐ ഗ്രൂപ്പുകളുടെ തർക്കമാണ് പ്രശ്‌നമായത്. വയനാടിനു പുറമെ സിദ്ദിഖിന്റെ പേരുള്ള വടകരയിലെ സ്ഥാനാർത്ഥിത്വവും തർക്കത്തെ തുടർന്ന് പ്രഖ്യാപിക്കുന്നത് മാറ്റി വച്ചു. തർക്കം പരിഹരിക്കുന്നതിന് മുന്നോടിയായി ഇവിടെ പരിഗണിച്ചിരുന്ന രാജ്മോഹൻ ഉണ്ണിത്താന് കാസർഗോഡ് നൽകാനും തീരുമാനിച്ചു. കാസർഗോഡ് സീറ്റ് ഉറപ്പായിരുന്ന സുബ്ബയ്യറായി ഇതോടെ പുറത്തായി.

നാല് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.

ഗ്രൂപ്പ് പോരാട്ടങ്ങൾക്കൊടുവിൽ ഇടുക്കിയിൽ ജോസഫ് വാഴയ്‌ക്കനു പകരം യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിനെയാണ് പരിഗണിച്ചത്.

സോണിയാ ഗാന്ധിയുടെ വസതിയിൽ വൈകുന്നേരം ആറുമണിയോടെ തുടങ്ങിയ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം രാത്രി എട്ടരവരെ നീണ്ടു. തർക്കമുള്ള മൂന്നു സീറ്റുകൾ ഒഴിച്ചിട്ട് 13 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നിശ്‌ചയിച്ചത്. യോഗത്തിൽ എ.കെ. ആന്റണി, മുകുൾ വാസ്‌നിക്, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുത്തു.

12സീറ്റുകളും സ്ഥാനാർത്ഥികളും

തിരുവനന്തപുരം: ശശി തരൂർ

ആറ്റിങ്ങൽ:?

മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്

പത്തനംതിട്ട: ആന്റോ ആന്റണി

ആലപ്പുഴ:?

എറണാകുളം: ഹൈബി ഈഡൻ

ഇടുക്കി: ഡീൻ കുര്യാക്കോസ്

തൃശൂർ: ടി.എൻ. പ്രതാപൻ

ചാലക്കുടി: ബെന്നി ബെഹ്‌നാൻ

പാലക്കാട്:വി.കെ. ശ്രീകണ്ഠൻ

ആലത്തൂർ: രമ്യാ ഹരിദാസ്

കോഴിക്കോട്: എം.കെ. രാഘവൻ

വടകര:?

വയനാട്:?

കണ്ണൂർ: കെ. സുധാകരൻ

കാസർഗോഡ്:രാജ്മോഹൻ ഉണ്ണിത്താൻ