ന്യൂഡൽഹി: തർക്കം തുടരുന്ന ആലപ്പുഴ, വയനാട്, ആറ്റിങ്ങൽ, വടകര എന്നിവ ഒഴികെ 12 ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. എറണാകുളത്ത് നിന്ന് അഞ്ച് തവണ ലോക്സഭയിൽ എത്തിയ മുതിർന്ന നേതാവ് കെ.വി. തോമസിനെ വെട്ടിമാറ്റി യുവത്വത്തിന്റെ പ്രതിനിധിയായ ഹൈബി ഈഡന് സീറ്റ് നൽകിയത് ഹൈക്കമാൻഡ് നടത്തിയ ഏറ്റവും വലിയ അട്ടിമറിയായി. തീരുമാനത്തിൽ പ്രതിഷേധിച്ച കെ. വി. തോമസ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡിനെതിരെ പൊട്ടിത്തെറിച്ചു. അതുപോലെ കാസർകോട് കെ. പി. സി. സി വക്താവ് രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കിയതും അപ്രതീക്ഷിതമായി.
ഹൈബിക്കൊപ്പം ഡീൻ കുര്യാക്കോസ്,ടി. എൻ പ്രതാപൻ,വി. കെ. ശ്രീകണ്ഠൻ, രമ്യാ ഹരിദാസ് എന്നിവർ ലിസ്റ്റിൽ യുവശക്തിയുടെ പ്രതിനിധികളായി. അതുപോലെ അനുഭവ സമ്പത്തുള്ളവർക്കും പ്രാധാന്യം നൽകുന്നതാണ് ലിസ്റ്റ്.
സിറ്റിംഗ് എംപിമാരിൽ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, , എം.കെ. രാഘവൻ എന്നിവർക്ക് വീണ്ടും അവസരം ലഭിച്ചു. അടൂർ പ്രകാശിനെ ആലപ്പുഴയിലും ഷാനിമോൾ ഉസ്‌മാനെ ആറ്റിങ്ങലിലും പരിഗണിക്കുന്നുണ്ട്.
കെ.സി. വേണുഗോപാലിന്റെ ആലപ്പുഴ, അന്തരിച്ച എം.ഐ. ഷാനവാസിന്റെ വയനാട്, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്നലെ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല. വയനാട്ടിൽ സിദ്ദിഖിന്റെയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്‌മാന്റെയും സ്ഥാനാർത്ഥിത്വത്തെ ചൊല്ലി എ-ഐ ഗ്രൂപ്പുകളുടെ തർക്കമാണ് പ്രശ്‌നമായത്. വയനാടിനു പുറമെ സിദ്ദിഖിന്റെ പേരുള്ള വടകരയിലെ സ്ഥാനാർത്ഥിത്വവും തർക്കത്തെ തുടർന്ന് പ്രഖ്യാപിക്കുന്നത് മാറ്റി വച്ചു. തർക്കം പരിഹരിക്കുന്നതിന് മുന്നോടിയായി ഇവിടെ പരിഗണിച്ചിരുന്ന രാജ്മോഹൻ ഉണ്ണിത്താന് കാസർഗോഡ് നൽകാനും തീരുമാനിച്ചു. കാസർഗോഡ് സീറ്റ് ഉറപ്പായിരുന്ന സുബ്ബയ്യറായി ഇതോടെ പുറത്തായി.
നാല് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.
ഗ്രൂപ്പ് പോരാട്ടങ്ങൾക്കൊടുവിൽ ഇടുക്കിയിൽ ജോസഫ് വാഴയ്‌ക്കനു പകരം യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിനെയാണ് പരിഗണിച്ചത്.
സോണിയാ ഗാന്ധിയുടെ വസതിയിൽ വൈകുന്നേരം ആറുമണിയോടെ തുടങ്ങിയ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം രാത്രി എട്ടരവരെ നീണ്ടു. തർക്കമുള്ള മൂന്നു സീറ്റുകൾ ഒഴിച്ചിട്ട് 13 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നിശ്‌ചയിച്ചത്. യോഗത്തിൽ എ.കെ. ആന്റണി, മുകുൾ വാസ്‌നിക്, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുത്തു.
12സീറ്റുകളും സ്ഥാനാർത്ഥികളും
തിരുവനന്തപുരം: ശശി തരൂർ
ആറ്റിങ്ങൽ:?
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്റോ ആന്റണി
ആലപ്പുഴ:?
എറണാകുളം: ഹൈബി ഈഡൻ
ഇടുക്കി: ഡീൻ കുര്യാക്കോസ്
തൃശൂർ: ടി.എൻ. പ്രതാപൻ
ചാലക്കുടി: ബെന്നി ബെഹ്‌നാൻ
പാലക്കാട്:വി.കെ. ശ്രീകണ്ഠൻ
ആലത്തൂർ: രമ്യാ ഹരിദാസ്
കോഴിക്കോട്: എം.കെ. രാഘവൻ
വടകര:?
വയനാട്:?
കണ്ണൂർ: കെ. സുധാകരൻ
കാസർഗോഡ്:രാജ്മോഹൻ ഉണ്ണിത്താൻ
പൊട്ടിത്തെറിച്ച് കെ.വി. തോമസ്
ന്യൂഡൽഹി: എറണാകുളത്ത് സീറ്റ് നിഷേധിച്ചതിലുള്ള അമർഷം പരസ്യമാക്കി സിറ്റിംഗ് എം.പി പ്രൊഫ. കെ.വി. തോമസ് രംഗത്ത്. സീറ്റ് ലഭിക്കാത്തതിൽ ദു:ഖമുണ്ട്. അവഗണിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. താൻ ആകാശത്ത് നിന്ന് പൊട്ടിവീണ ആളല്ല. ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. പ്രായമായത് തന്റെ കുഴപ്പമല്ല. യാതൊരു സൂചനയും നൽകിയില്ല. എറണാകുളത്ത് ഹൈബിയെ പിന്തുണയ്ക്കുമോ എന്നുറപ്പില്ല. പാർട്ടിക്ക് തന്നെ വേണ്ടെങ്കിലും പൊതുസേവകനായി തുടരും. അടുപ്പമുള്ളവരുമായി ആലോചിച്ച് ഭാവി തീരുമാനം കൈക്കൊള്ളുമെന്നും തോമസ് പറഞ്ഞു.
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ എറണാകുളം നിലനിറുത്തും.കെ.വി. തോമസിന്റെ നേതൃത്വത്തിൽ പ്രചാരണം നടത്തും. ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ലക്ഷ്യം. പി. രാജീവാണ് എതിരാളിയെന്നത് പ്രശ്നമല്ല. യു.ഡി.എഫിന് വിജയം ഉറപ്പുള്ള മണ്ഡലമാണ്. ചരിത്രപരമായ നിയോഗമായാണ് മത്സരത്തെ കാണുന്നത്.
- ഹൈബി ഈഡൻ