radhakrishnan
ബി.ജെ.പിയിൽ ചേർന്ന ഡോ.കെ.എസ് രാധാകൃഷ്നെ ഹസ്തദാനം ചെയ്യുന്ന ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലറും പി.എസ്.സി മുൻ ചെയർമാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായേക്കും. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ അമിത് ഷായിൽ നിന്നാണ് രാധാകൃഷ്‌ണൻ ഇന്നലെ പാർട്ടി അംഗത്വം സ്വീകരിച്ചത്.
ശബരിമല സമരപരിപാടികളിൽ സജീവമായിരുന്നു കെ.എസ്. രാധാകൃഷ്ണൻ. അംഗത്വം സ്വീകരിക്കുന്നതിനു മുമ്പ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എം. ഗണേശ് എന്നിവരുമായും കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ. സത്യകുമാറുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

എറണാകുളം മഹാരാജാസ് കോളേജിൽ തത്വശാസ്ത്ര വിഭാഗം അദ്ധ്യാപകനായിരുന്ന കെ.എസ് രാധാകൃഷ്ണൻ 2004-ലാണ് കാലടി സർവകലാശാലാ വി.സി ആയത്. 2011 മുതൽ 2016 വരെ പി.എസ്.സി ചെയർമാൻ.

മോദി സർക്കാരിന്റെ വികസന നയങ്ങളിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് കെ.എസ് രാധാകൃഷ്ണൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. അഞ്ചു വർഷത്തെ മോദി ഭരണത്തിൽ കൃഷിക്കാർക്കും പാവപ്പെട്ടവർക്കും പുരോഗതിയുണ്ടായി. കുടുംബാധിപത്യത്തിൽ അമർന്നിരിക്കുന്ന കോൺഗ്രസിന് പഴയ നന്മ നഷ്ടപ്പെട്ടു. ആലപ്പുഴയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി.