ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച, കെ.വി തോമസിനെ അനുനയിപ്പിച്ചു
ന്യൂഡൽഹി:വയനാട്ടിൽ കുരുങ്ങി അനിശ്ചിതത്വത്തിലായ നാലു ലോക്‌സഭാ സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. ഈ സീറ്റുകളിൽ ഇന്നലെ തീരുമാനം വരുമെന്നാണ് നേതാക്കൾ അറിയിച്ചിരുന്നതെങ്കിലും ധാരണയിലെത്താനായില്ല. അതേസമയം ആറ്റിങ്ങലിൽ മുൻമന്ത്രി അടൂർ പ്രകാശ് തന്നെ സ്ഥാനാർത്ഥിയാകും. മണ്ഡലത്തിൽ വേരുള്ള അടൂർ പ്രകാശ് സിറ്റിംഗ് എം. പി എ. സമ്പത്തിനെ നേരിടാൻ ശേഷിയുള്ള സ്ഥാനാർത്ഥിയാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എം.പി പ്രൊഫ. കെ.വി തോമസിനെ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് അനുനയിപ്പിച്ചു. കെ.വി തോമസിന് ഡൽഹിയിൽ തന്നെ നിർണായക പാർട്ടി ചുമതല നൽകിയേക്കും.
വയനാട് സീറ്റിൽ ടി. സിദ്ദിഖിനെ നിറുത്തണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഐ ഗ്രൂപ്പ് ഷാനിമോൾ ഉസ്‌മാനെ കൂടാതെ എ.കെ ആൻറണിയുടെ പിന്തുണയുള്ള മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ പേരും ഉന്നയിച്ചിട്ടുണ്ട്. വടകരയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് ടി.സിദ്ദിഖ് നേരത്തേ വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ തർക്കം പരിഹരിച്ച് ഒരാളെ ഉറപ്പിച്ചാൽ മാത്രമേ മറ്റു മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർണയിക്കാൻ കഴിയൂ. വടകരയിൽ പി.ജയരാജനെതിരെ പറ്റിയ സ്ഥാനാർത്ഥിയെ കണ്ടെത്തിയിട്ടില്ല. വടകരയിൽ വിദ്യാബാലകൃഷ്ണനെയാണ് നിശ്ചയിച്ചതെങ്കിലും എതിർപ്പുയർന്നതോടെ അവസാനനിമിഷം ഒഴിവാക്കി.
ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് അദ്ദേഹത്തിന്റെ കൂടി ഉത്തരവാദിത്വത്തിൽ പരിഹാരം കാണാനാണ് ശ്രമം. ഇതിനായി ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്ക് തിരിക്കാനിരുന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യാത്ര മാറ്റിവച്ചു. രാവിലെ ഉമ്മൻചാണ്ടി ഡൽഹിയിലെത്തും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. തർക്കം പരിഹരിച്ച് ഇന്ന് തന്നെ പ്രഖ്യാപനം നടത്താനാണ് നേതാക്കളുടെ ശ്രമം.
വടകരയുൾപ്പെടെ 13 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കാണ് ശനിയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം അനുമതിനൽകിയത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ തീരുമാനമായില്ല എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും പറഞ്ഞത്. എന്നാൽ രാത്രി വൈകി വടകര ഒഴിവാക്കി 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ മഹിളാ കോൺഗ്രസ് നേതാവും കൊല്ലം ഡി.സി.സി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയെ ഡൽഹിയിൽ വിളിച്ചു വരുത്തിയെങ്കിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് അവർ അറിയിച്ചു.
കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ വേണ്ടെന്ന കാസർകോട്ടെ നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധം മുല്ലപ്പള്ളി ഇടപെട്ട് പരിഹരിച്ചു. മണ്ഡലത്തിൽ സജീവ പരിഗണനയിലുണ്ടായിരുന്ന സുബ്ബറൈയോട് നേതാക്കൾ സംസാരിച്ച് ധാരണയിലെത്തി.