hazare

ന്യൂഡൽഹി:സാമൂഹ്യപ്രവർത്തകൻ അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടവും സുപ്രീംകോടതിയുടെ നിരന്തര ഇടപെടലുമാണ് ലോക്പാൽ രൂപീകരണത്തിന് വഴിവെച്ചത്. 2011ൽ ഡൽഹിയിൽ ഏപ്രിൽ 5നാണ് അന്ന ഹസാരെ സമരം തുടങ്ങിയത്. 12 ദിവസം നീണ്ട നിരാഹാര സമരം. കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ അഴിമതിവരുദ്ധ ഓംബ്ഡുസ്‌മാനെയും നിയമിക്കുക പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും പൂർണമായും നിയമത്തിൻ കീഴിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരത്തിന്റെ ഫലമായാണ് നിയമം പാർലമെൻറ് പാസാക്കിയത്. രാജ്യവ്യാപകമായി യുവാക്കളുടെയും പൊതുസമൂഹത്തിൻരെയും പിന്തുണ കിട്ടിയ സമരം 2014ൽ യു.പി.എ സർക്കാരിന്റെ പരാജയത്തിന് ഒരു കാരണമായി. ഒപ്പം നിന്ന അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി രൂപീകരണത്തിനും സമരം വഴിവെച്ചു.

2013 ഡിസംബറിൽ ലോക്പാൽ നിയമം പാർലമെന്റ് പാസാക്കി. 2014 ജനുവരി 16ന് പ്രാബല്യത്തിലായി. അഞ്ച് വർഷം പിന്നിട്ടിട്ടും ലോക്പാൽ അദ്ധ്യക്ഷനെ നിയമിച്ച് അഴിമതി വിരുദ്ധ സംവിധാനം യാഥാർത്ഥ്യമാക്കാത്തതിൽ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ലോക്പാൽ നിയമനം വൈകുന്നതിൽ ഇക്കഴിഞ്ഞ ജനുവരി 30നുൾപ്പെടെ മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമമായ റാലേഗാൻ സിദ്ധിയിൽ അന്ന ഹസരെ വീണ്ടും നിരാഹാരസമരം നടത്തിയിരുന്നു.