ന്യൂഡൽഹി:പത്തനംതിട്ടയിൽ ഉറച്ച് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള നിൽക്കുന്നതോടെ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ഏത് സീറ്റ് നൽകുമെന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക നീളുന്നു. ഇന്നലെ പി.എസ് ശ്രീധരൻപിള്ള, നിർവാഹക സമിതി അംഗം എ.എൻ. കൃഷ്ണദാസ് എന്നിവരുൾപ്പെട്ട യോഗവും സീറ്റ് വിഭജനത്തിൽ ധാരണയാകാതെ പിരിഞ്ഞു.
തൃശൂരോ പത്തനംതിട്ടയോ കിട്ടണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. തൃശൂർ ബി.ഡി.ജെ.എസിനാണ്. തുഷാർ വെള്ളാപ്പള്ളി അവിടെ മത്സരിച്ചില്ലെങ്കിലും സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ സാദ്ധ്യതയില്ല. തുഷാർ മത്സരിക്കുമെന്ന് തന്നെയാണ് ബി.ജെ.പി നേതാക്കൾ പ്രതീക്ഷിക്കുന്നത്. അവസാനവട്ട കൂടിയാലോചനകൾക്കായി ഡൽഹിയിലെത്തിയ തുഷാറിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് ബി.ജെ.പി. നേരത്തെ കോഴിക്കോട്ട് മത്സരിക്കാൻ സുരേന്ദ്രനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.പത്തനംതിട്ടയ്ക്കായി അൽഫോൺസ് കണ്ണന്താനവും പരസ്യമായി രംഗത്തുണ്ട്. അതിന് വഴങ്ങേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.
പത്തനംതിട്ട ആവശ്യപ്പെട്ട എം.ടി. രമേശിനെയും പാലക്കാട്ട് ശോഭാസുരേന്ദ്രനെയും ഒഴിവാക്കി. പാലക്കാേട്ട് കൃഷ്ണകുമാറിനെയാണ് പരിഗണിക്കുന്നത്. ബി.ഡി.ജെ.എസിനു എറണാകുളത്തിന് പകരം കോഴിക്കോട് നൽകാനും ആലോചിക്കുന്നുണ്ട്.
ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സ്ഥാനാർത്ഥിപട്ടികയ്ക്ക് അന്തിമ രൂപമാകുമെന്നാണ് നേതാക്കൾ പറയുന്നത്.