sidhikh

ന്യൂഡൽഹി: എ, ഐ ഗ്രൂപ്പുകളുടെ രൂക്ഷമായ വടംവലിയിൽ അനിശ്ചിതത്വത്തിലായ വയനാട് സീറ്റിലേക്ക് ഒടുവിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ടി. സിദ്ദിഖിനെ മത്സരിപ്പിക്കുന്നതിൽ ധാരണയായി. അന്തിമതീരുമാനം രാഹുൽഗാന്ധി പ്രഖ്യാപിക്കും. തർക്കം പരിഹരിക്കപ്പെടാതെ വന്നതോടെ അന്തിമതീരുമാനം ഹൈക്കമാൻഡിന് വിടാൻ ഇന്നലെ രാവിലെ നേതാക്കൾ തമ്മിലുണ്ടായ കൂടിയാലോചനയിൽ തീരുമാനിക്കുകയായിരുന്നു. രാഹുൽഗാന്ധി ഇന്നലെ കർണാടകയിലെ ഗുൽബർഗയിലായിരുന്നതിനാൽ രാത്രി വൈകിയാണെത്തിയത്. ഹൈക്കമാൻഡ് സ്വന്തം നിലയ്ക്കും ചില അന്വേഷണങ്ങൾ സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവരെക്കുറിച്ച് ആരാഞ്ഞതായും സൂചനയുണ്ട്.

സിദ്ദിഖിനായി ഉമ്മൻചാണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടതാണ് പ്രതിസന്ധി മൂർച്ഛിപ്പിച്ചത്. അതേസമയം, വടകരയിൽ സി.പി.എമ്മിന്റെ പി. ജയരാജനെതിരെ ആര് മത്സരിക്കണമെന്ന വിഷയം കോൺഗ്രസ് നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ്. ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെയും സ്ഥാനാർത്ഥിത്വത്തിൽ ധാരണയായിട്ടുണ്ട്.
വടകരയിൽ വീണ്ടും മത്സരിക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മേൽ സമ്മർദ്ദം മുറുകുകയാണെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി മുകുൾ വാസ്നിക് മുല്ലപ്പള്ളിയെ ടെലിഫോണിൽ ബന്ധപ്പെട്ടെങ്കിലും മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി തീർത്തു പറഞ്ഞു. വടകരയിൽ മുതിർന്ന നേതാവിന്റേതുൾപ്പെടെ മൂന്ന് പേരുടെ പട്ടിക ഹൈക്കമാൻഡിന് നേതൃത്വം കൈമാറിയിട്ടുണ്ട്. രാഹുൽ ഗാന്ധിയാണ് ഇതിലും അന്തിമതീരുമാനമെടുക്കേണ്ടത്.

വയനാടിനെച്ചൊല്ലി എ, ഐ ഗ്രൂപ്പുകളുടെ തർക്കം രൂക്ഷമായതോടെയാണ് നാലു സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം വൈകിയത്. ഉമ്മൻചാണ്ടിയുമായി നേരിട്ടു ചർച്ച ചെയ്തിട്ടു മാത്രം തീരുമാനം എടുക്കാമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും. ഇന്നലെ രാവിലെ ‌ഡൽഹിയിലെത്തിയ ഉമ്മൻചാണ്ടിയുമായി ഇരുവരും നാല്പത് മിനിട്ടോളം കൂടിക്കാഴ്ച നടത്തി. വയനാട്ടിൽ ടി. സിദ്ദിഖ് മത്സരിക്കണമെന്ന നിലപാടിൽ എ ഗ്രൂപ്പ് ഉറച്ചുനിന്നതോടെ ഐ നേതൃത്വം അർദ്ധസമ്മതം മൂളി. തീരുമാനം ഹൈക്കമാൻഡിന് വിട്ട് കൂടിക്കാഴ്ച തീരുംമുമ്പേ ഉച്ചയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. പട്ടിക പ്രഖ്യാപിച്ച ശേഷമേ മടങ്ങുകയുള്ളൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻചാണ്ടി കേരള ഹൗസിൽ ആന്ധ്രയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളുമായി തിരക്കിലായി. രമേശ് ചെന്നിത്തല നാട്ടിലേക്കും തിരിച്ചതോടെ തീരുമാനമറിയാൻ എല്ലാ നോട്ടങ്ങളും മുല്ലപ്പള്ളിയിലായിരുന്നു. വടകര മണ്ഡലത്തിൽ നിന്ന് നിരവധി ഫോൺ കാളുകളാണ് മുല്ലപ്പള്ളിക്കെത്തിയത്. വി.എം. സുധീരൻ ഉൾപ്പെടെ നേതാക്കളും വിളിച്ചു.
വടകരയിൽ മത്സരിക്കില്ലെന്ന നിലപാട് ടി. സിദ്ദിഖ് ഇന്നലെയും ആവർത്തിച്ചു. ആലപ്പുഴയിൽ ഉറപ്പായതോടെയാണ് ഷാനിമോൾ ഉസ്മാൻ ഡൽഹിവിട്ടതെന്നുമാണ് സൂചന.