ന്യൂഡൽഹി: ഒന്നാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. ഏപ്രിൽ 11 ന് 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഇതോടൊപ്പം ആന്ധ്ര, ഒഡീഷ, അരുണാചൽ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമുണ്ട്. വിജ്ഞാപനമിറങ്ങിയതിനാൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രികകൾ സമർപ്പിച്ചുതുടങ്ങാം.
പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 25 . മാർച്ച് 26 ന് സൂഷ്മപരിശോധന. മാർച്ച് 28 വരെ പത്രിക പിൻവലിക്കാം. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വോട്ടെടുപ്പ് ആദ്യ ഘട്ടത്തിൽ തന്നെ പൂർത്തിയാകും. 25 ലോക്‌സഭാ സീറ്റുള്ള ആന്ധ്ര, 17 സീറ്റുള്ള തെലങ്കാന, അഞ്ച് സീറ്റുകളുള്ള ഉത്തരാഖണ്ഡ്, രണ്ടുവീതം സീറ്റുകളുള്ള അരുണാചൽ, മേഘാലയ, ഒരു സീറ്റ് വീതമുള്ള മിസോറം, നാഗാലാൻഡ്, സിക്കിം, അൻഡമാൻ-- നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഏപ്രിൽ 11 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകുന്നത്.
യു.പി- 8, മഹാരാഷ്ട്ര 7, അസം 5,ബീഹാർ 4, ഒഡീഷ - 4, ബംഗാൾ 2, ജമ്മു--കാശ്മീർ- 3 സീറ്റുകളിലും ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പുണ്ടാകും. ആന്ധ്ര- 175 , അരുണാചൽ - 60 , സിക്കിം -32 നിയമസഭാ സീറ്റുകളിലേക്കും 147 നിയമസഭാ മണ്ഡലങ്ങളുള്ള ഒഡീഷയിലെ 28 നിയമസഭാമണ്ഡലങ്ങളിലും എപ്രിൽ 11ന് വോട്ടെടുപ്പ് നടക്കും.