ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട തർക്കങ്ങളും അനിശ്ചിതത്വങ്ങളും നീക്കി, കേരളത്തിലെ 16 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന്റെ ആഹ്ലാദത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ ആരെ നിറുത്തുമെന്ന തലവേദന തീർക്കാതെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിൽ നിന്ന് മടങ്ങിയപ്പോൾ തീർത്തും 'ഒറ്റപ്പെട്ട' അദ്ദേഹം ഇന്നലെ മുരളീധരനെ വടകരയിൽ നിയോഗിച്ചതിന്റെ എല്ലാ സന്തോഷത്തോടെയുമാണ് സുനേരിഭാഗിലെ വസതിയിൽ വച്ച് 'കേരളകൗമുദി'യോടു സംസാരിച്ചത്.
''വടകരയിൽ മികച്ച സ്ഥാനാർത്ഥിയെ നൽകുമെന്ന് ഞാൻ തുടർച്ചയായി പറഞ്ഞതാണ്.
കെ.മുരളീധരനെ നിയോഗിച്ചത് ഒരു മാസ്റ്റർസ്ട്രോക്കാണ്. നേരത്തെ മുരളീധരന്റെ പേര് ചർച്ചചെയ്തിരുന്നു സ്ഥാനാർത്ഥിയാകണമെന്ന് അദ്ദേഹത്തോട് പലവട്ടം പറയുകയും ചെയ‌്തതാണ്. മുരളീധരന് അനായാസ വിജയമുണ്ടാകും. അദ്ദേഹം എം.എൽ.എ ആയ വട്ടിയൂർക്കാവിനെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട.'' മുല്ലപ്പള്ളി പറഞ്ഞു.
വടകരയിൽ ഒറ്റക്കെട്ട്
വടകര മണ്ഡലത്തിന്റെ നാഡിമിടിപ്പ് മറ്റാരേക്കാൾ അറിയാവുന്നയാളാണ് ഞാൻ.
കോൺഗ്രസും യു.ഡി.എഫും നിറുത്തുന്ന ഏതു സ്ഥാനാർത്ഥിയും വിജയിക്കും. അതിനുള്ള എല്ലാ അന്തരീക്ഷവുമുണ്ട്. മണ്ഡലത്തിലെ ജനങ്ങളുടെ വികാരം, മത രാഷ്ട്രീയ ജാതി ചിന്തകൾക്ക് അതീതമായി ഒറ്റക്കെട്ടാണ്. അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായ ഒരാളെ ലോക്‌സഭയിലേക്ക് അയയ്‌ക്കാൻ പാടില്ലെന്ന നിർബന്ധബുദ്ധി ജനങ്ങൾക്കുണ്ട്.
കമ്മ്യൂണിസ്റ്റുകാരായ, സമാധാനം ആഗ്രഹിക്കുന്ന, അക്രമത്തെ ചെറുക്കുന്ന ധാരാളം പേർ ആ മണ്ഡലത്തിലുണ്ട്. സി.പി.എം സ്ഥാനാർത്ഥിയുടെ വരവ് അവരുടെ മനസിൽ വല്ലാത്ത അസ്വസ്ഥതത ഉണ്ടാക്കിയിട്ടുണ്ട്. മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നല്ലവരായ ധാരാളം ആളുകൾ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.
ട്വന്റി ട്വന്റി ലക്ഷ്യം
കേരളത്തിൽ ഇരുപതിൽ ഇരുപത് എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. സ്ഥാനാർത്ഥി നിർണയത്തിൽ തികഞ്ഞ ജാഗ്രത കാണിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിനും അനുയോജ്യനായ സ്ഥാനാർത്ഥിയെയാണ് നിയോഗിച്ചിരിക്കുന്നത്.
എ.കെ ആൻറണി , ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ തുടങ്ങിയ നേതാക്കളെ പൂർണ വിശ്വാസത്തിലെടുത്താണ് നീങ്ങുന്നത്. ഘടകകക്ഷികളുമായുള്ള ആത്മബന്ധം നിലനിറുത്താൻ ജാഗ്രതയോടെ തന്നെ പ്രവർത്തിക്കുന്നുണ്ട്. സംഘടനയിൽ അച്ചടക്കം നിലനിറുത്തി എല്ലാവരുമായി ഐക്യത്തോടെ മുന്നോട്ടു പോകുകയെന്ന സമീപനമാണ് എന്റേത്. സമന്വയത്തിന്റെ വസന്തം- അതാണ് എന്റെ നയം.